കാന്തല്ലൂര്‍ വെളുത്തുള്ളിക്ക് വില ഇടിവ്
കാന്തല്ലൂര്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ വെളുത്തുള്ളി എത്തിയതോടെ, കാന്തല്ലൂർ വെളുത്തുള്ളിയുടെ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 300 രൂപ വരെ വിലയുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ 40 രൂപയാണ് വില. സാധാരണ വെളുത്തുള്ളിയെക്കാൾ മണവും രുചിയും ഔഷധ ഗുണവുമുണ്ട് കാന്തല്ലൂർ വെളുത്തുള്ളിക്ക്.
ഗുണനിലവാരം ശാസ്ത്രീയമായി തെളിയിച്ച് ഭൗമ സൂചിക പട്ടികയിൽ ഇടംപിടിക്കാനിരിക്കെയാണ് വിലയിടിവ്. മുടക്കുമുതൽ പോലും കിട്ടാതായതോടെ, കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കാന്തല്ലൂരിലെയും വട്ടവടയിലെയും നൂറുകണക്കിന് കർഷകർ.
അസം, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള വെളുത്തുള്ളിയാണ് വിപണി കീഴടക്കുന്നത്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് നിറവും വലിപ്പവുമുള്ള വെളുത്തുള്ളി എത്തിയതോടെ, കാന്തല്ലൂർ വെളുത്തുള്ളിക്ക് ആവശ്യക്കാർ കുറഞ്ഞു. കേരളത്തിന്റെ തനത് വെളുത്തുള്ളിക്ക് വിലസ്ഥിരത ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
