ഇടുക്കി: നെടുങ്കണ്ടം സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂളിന് ഒരു ബസ്സുണ്ട്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരാനല്ല ഈ സ്‌കൂള്‍ ബസ്. ഈ ബസില്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും ചെരുപ്പും ബാഗും ഇന്‍സ്ട്രുമെന്റ് ബോക്‌സും മറ്റുമാണുള്ളത്. അതെ ഇതാണ് കരുണയുടെ കട. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച കരുണയുടെ കടയ്ക്കായി ഒരു സ്ഥിരം സംവിധാനം ഒരുക്കാന്‍ ആലോചിച്ചപ്പോഴാണ് ഉപയോഗ ശൂന്യമായി കിടക്കുന്ന വാഹനത്തില്‍ സൗകര്യം ഒരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചത്. നിര്‍ദ്ധനരായവര്‍ക്ക് ഈ വാഹന കടയില്‍ നിന്നും അവര്‍ക്കാവശ്യമുള്ളതെന്തും തെരഞ്ഞെടുക്കാം.
കഴിഞ്ഞിടയ്ക്കാണ് സ്‌കൂളില്‍ കരുണയുടെ സന്ദേശം പകര്‍ന്ന് കട ആരംഭിച്ചത്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വീടുകളില്‍ ഉപയോഗിക്കാത്ത നല്ല വസ്ത്രങ്ങള്‍ കടയിലേയ്ക്ക് എത്തിക്കുകയായിരുന്നു. സൗജന്യമായി നിര്‍ദ്ധനരായവര്‍ക്ക് അവര്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം ഒരുക്കുകയായിരുന്നു ലക്ഷ്യം. കുട്ടികളുടെ നല്ലമനസ് കണ്ടറിഞ്ഞ നെടുങ്കണ്ടം മേഖലയിലെ വ്യാപാരികളും കൈതാങ്ങുമായെത്തി. വസ്ത്രങ്ങളും ബാഗുകളും ചെരുപ്പുകളും അടക്കമുള്ളവ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കുട്ടികളുടെ കടയിലെത്തിച്ചു. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ ഉത്പന്നങ്ങളാണ് സൗജന്യമായി വിതരണം ചെയ്യുന്നതിനായി എത്തിച്ചത്.
രണ്ടാഴ്ചകള്‍ കൊണ്ട് ആവശ്യക്കാര്‍ക്ക് വസ്ത്രങ്ങള്‍ അടക്കമുള്ളവ വിതരണം ചെയ്യുകയായിരുന്നു സ്‌കൂളിന്റെ ലക്ഷ്യം. എന്നാല്‍ ദിവസേന വസ്ത്രങ്ങള്‍ തിരക്കി സ്‌കൂളില്‍ നിര്‍ദ്ധനര്‍ എത്തിയതോടെ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താന്‍ സ്‌കൂള്‍ ആലോചിക്കുകയായിരുന്നു. ഇതോടെയാണ് ഉപയോഗശൂന്യമായ ബസിനുള്ളില്‍ സ്ഥാപനം ഒരുക്കിയത്. ഒഴിവുസമയങ്ങളില്‍ കുട്ടികളുടെ നേതൃത്വത്തിലാണ് കട പ്രവര്‍ത്തിക്കുന്നത്.
ഇത്തരത്തിലൊരു സ്ഥാപനം തുടങ്ങിയതോടെയാണ് നല്ല വസ്ത്രം വാങ്ങാന്‍ ത്രാണിയില്ലാത്ത ഒരു വലിയ സമൂഹം നമ്മുടെ ചുറ്റുമുണ്ടെന്ന് മനസിലായതെന്നും അതിനാല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ പരമാവധി ആളുകള്‍ക്ക് ഗുണകരമാകും വിധം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എല്‍സീന എസ്.എച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ നിത്യോപയോഗ സാധനങ്ങള്‍ അടക്കമുള്ളവ സൗജന്യമായി നിര്‍ദ്ധനരിലേയ്ക്ക് എത്തിയ്ക്കാനാണ് സ്‌കൂള്‍ തയ്യാറെടുക്കുന്നത്.
