ദില്ലി: സിപിഎമ്മിൽ കോണ്‍ഗ്രസ് ഉൾപ്പടെയുള്ള മതേതര പാര്‍ടികളുമായുള്ള സഹകരണം സംബന്ധിച്ച തര്‍ക്കം വീണ്ടും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി ഭിന്നത ഒഴിവാക്കാൻ ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലക്ക് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകൂടി പരിഗണിച്ച് രേഖ പുതുക്കാൻ നിര‍്ദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് രേഖ തയ്യാറാക്കിയ ജന.സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്ന പിബി ഭൂരിപക്ഷ നിലപാട് അംഗീകരിച്ചു. 

ബൂര്‍ഷ്വ പാര‍്ടികളുമായി തെരഞ്ഞെടുപ്പ് മുന്നണിയോ സഖ്യമോ ഉണ്ടാക്കാതെ ആര്‍.എസ്.എസ് ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തുക എന്ന പ്രാഥമിക ലക്ഷ്യം നിറവേറ്റാൻ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം രൂപീകരിക്കുമെന്നാണ് യെച്ചൂരിയുടെ രേഖയിലെ പ്രധാന നിര്‍ദ്ദേശം. സഖ്യമോ മുന്നണിയോ ഇല്ലാത്തപ്പോൾ തന്നെ അടവുനയത്തിനും ധാരണക്കും ഇടം നൽകുന്നതാണ് രേഖ

ഇതിനെ പ്രതിരോധിക്കാൻ പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍ പിള്ളയും നൽകിയ ബദൽ രേഖയിൽ അടവുനയമോ ധാരണയോ പോലും പാടില്ലെന്ന് നിര്‍ദ്ദേശിച്ചു. പാര്‍ടിയിലെ ഐക്യം കാത്തുസൂക്ഷിക്കണമെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തലിന് വിരുദ്ധമാണ് കാരാട്ടിന്‍റെ നീക്കമെന്ന് യെച്ചൂരി പക്ഷം വാദിക്കുന്നു. 

തന്‍റെ നിലപാടിൽ മാറ്റമില്ലെന്ന സൂചന യെച്ചൂരി ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ ഡിഎംകെയുമായി കൂട്ടുകൂടുന്ന പാര്‍ടി ധാരണ പോലും വേണ്ടെന്ന് രേഖയിൽ എന്തിന് എഴുതണമെന്നാണ് കാരാട്ട് വിരുദ്ധരുടെ ചോദ്യം. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയ്ക്ക് ശേഷവും പാര്‍ടിയിലെ തര്‍ക്കം ഈ തുടരുന്നത് സിപിഎമ്മിന് വലിയ പ്രതിസന്ധിയാവുകയാണ്.

കോണ്‍ഗ്രസ് ചങ്ങാത്തം അനുവദിക്കണമെന്ന സിപിഎം ബംഗാള്‍ ഘടകത്തിന്റെയും യെച്ചൂരിയുടെയും നിലപാട് പാര്‍ട്ടി പോളിറ്റ് ബ്യൂറോ നേരത്തേയും തള്ളിയിരുന്നു. കോണ്‍ഗ്രസുമായോ പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളുമായോ സഖ്യം വേണ്ടെന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശത്തിനൊപ്പമാണ് പോളിറ്റ് ബ്യൂറോ. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്.