1999 ഫെബ്രുവരി 19,  അടൽ ബിഹാരി വാജ്പേയിയുടെ ലോകം ഉറ്റുനോക്കിയ ലാഹോർ ബസ് നയതന്ത്രം. തുടർന്ന് മാർച്ചിൽ ഇന്ത്യാ- പാക് പ്രധാനമന്ത്രിമാരായിരുന്ന വാജ്പേയിയും നവാസ് ഷെരീഫും ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. പക്ഷേ അതേസമയം പാക് പട്ടാളമേധാവി പർവേസ് മുഷാറഫിന്‍റെ നേതൃത്വത്തിൽ മറ്റൊരു മാസ്റ്റർ പ്ലാൻ തയ്യാറാവുകയായിരുന്നു.

മുജാഹിദീനുകളുടെ വേഷത്തിൽ പാക് സൈനികർ അതിർത്തികടന്ന് കാലാകാലങ്ങളായി മഞ്ഞുകാലത്ത് ഒഴിച്ചിടാറുള്ള ഇന്ത്യൻ സൈനിക പോസ്റ്റുകളിലേക്ക് നുഴഞ്ഞുകയറി. ഇന്‍റലിജൻസ് മുന്നറിയിപ്പുകൾ അവഗണിച്ച പട്ടാളനേതൃത്വത്തെ ഉണർത്തിയത് 1999 മെയ് മൂന്നിന് ഒരാട്ടിടയൻ ബൈനോക്കുലറിലൂടെ കണ്ട ദൃശ്യമായിരുന്നു. കാർഗിലിലെ തന്ത്രപ്രധാന ഉയരങ്ങളിൽ പാക് സൈനികർ ബങ്കറുകൾ സ്ഥാപിക്കുന്നു. തുടക്കത്തിലെ പാളിച്ചകൾക്കു ശേഷം ഇന്ത്യൻ കരസേനയും വായുസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കാർഗിൽ മലനിരകൾ തിരിച്ചുപിടിച്ചു.

പരുക്കൻ ഭൂപ്രകൃതിയോടും വീശിയടിക്കുന്ന ശീതക്കാറ്റിനോടും മല്ലിട്ട്, നാൽപ്പതു കിലോഗ്രാമിലേറെ ഭാരം വരുന്ന പടക്കോപ്പുകളും പുറത്തേന്തിയാണ് ഇന്ത്യൻ സൈനികർ കുത്തനെയുള്ള പർവതശിഖരങ്ങളിലേക്ക് ഇഴഞ്ഞുകയറി ഉയരങ്ങളിൽ നിലയുറപ്പിച്ചിരുന്ന പാക് സൈനികരെ തുരത്തിയത്. രണ്ട് മാസം നീണ്ടുനിന്ന ചെറുത്തുനിൽപ്പിനും കടന്നാക്രമണത്തിനും ശേഷം ജൂലൈ ഇരുപത്തിയാറിന് കാർഗിലിലെ മഞ്ഞുമലയുടെ ഉച്ചിയിൽ ഇന്ത്യയുടെ വിജയക്കൊടി പാറി.

പാകിസ്ഥാൻ മറ്റൊരു അധികാരമാറ്റത്തിന് ഒരുങ്ങുന്പോൾ  ഇന്ത്യ കാർഗിൽ വിജയ ദിവസം ആചരിക്കുന്നു.  ഇന്ത്യയെന്ന പരമാധികാര ജനാധിപത്യ രാജ്യം പാകിസ്ഥാന് മേൽ നേടിയ ആധികാരികമായ വിജയത്തിന്റെ ഓർമ്മദിനമാണ് ജൂലൈ 26.   പക്ഷെ അത് വെറുമൊരു വിജയദിനമല്ല. മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച 527 ധീര സൈനികരുടെ ജ്വലിക്കുന്ന  ഓർമ്മ കൂടിയാണ് ഈ ദിനം. രാജ്യം ഒന്നാകെ ആ രക്തസാക്ഷികൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്ന ദിനം.  ഇനി എത്ര നാൾ കഴിഞ്ഞാലും, എത്ര വർഷങ്ങൾ കഴിഞ്ഞാലും  അവരുടെ ധീരമായ ത്യാഗം രാജ്യം ഓർക്കുക തന്നെ ചെയ്യും.  

ടൈഗർ ഹിൽ തിരികെ പിടിക്കാനുള്ള പോരാട്ടത്തിൽ വെടിയേറ്റ് വീണ മലയാളിയായ ക്യപ്റ്റൻ ജെറി പ്രേംരാജ്,  ക്യാപ്റ്റൻ വിക്രം,  ബെറ്റാലിക് സെക്ടറിൽ ശത്രുവിനെ വിറപ്പിച്ച ഗൂർഖകളുടെ ധീരനേതാവ് മനോജ് കുമാർ പാണ്ഡെ, രജ്പുത്താൻ റൈഫിൾസിന്റെ ക്യാപ്റ്റൻ വിജയന്ത് ധാപ്പർ, ജെഎകെ റൈഫിൾസിന്റെ ക്യാപ്റ്റൻ വിക്രം ഭദ്ര, നുഴഞ്ഞു കയറ്റം അന്വേഷിക്കാൻ പോയി ശത്രുവിന്റെ കയ്യിൽ അകപ്പെട്ട് കൊടുംയാതനകൾ സഹിച്ച് മരിക്കേണ്ടി വന്ന ക്യാപ്റ്റൻ സൗരവ് കാലിയ പിന്നെയും ഒരുപാട് സൈനികർ.    

അപകടം സദാ കൺമുന്നിലുണ്ടായിരുന്നിട്ടും  നിങ്ങൾ ധീരമായ സൈനിക സേവനം തെരഞ്ഞെടുത്തു.  ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കുമെന്ന പ്രതിജ്ഞ സദാ ഉരുവിട്ടു.  ശരീരം തളർന്നപ്പോഴും നിങ്ങളുടെ  മനസ് തളർന്നില്ല. മലമുകളിലിരുന്ന് ശത്രു വെടിയുണ്ടകൾ പായിച്ചപ്പോഴും ഭയന്നില്ല. അച്ഛൻ അമ്മ ഭാര്യ   നിങ്ങൾക്ക് മുന്നിലും ബന്ധങ്ങളുടെ കെട്ടുപാടുകളുണ്ടായിരുന്നു.  പക്ഷെ മാതൃരാജ്യത്തിന്റെ മാനമായിരുന്നു നിങ്ങൾക്ക്  എന്തിനെക്കാളും വലുത്.  ധീരസൈനികരെ നിങ്ങൾ ഇന്നും ഞങ്ങളുടെ ആവേശമാണ്.