മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനത്തിന്‍റെ ഭാഗമായി 180 പേർക്കാണ് അടുത്തിടെ ഫ്ലാറ്റ് നൽകിയത്
തിരുവനന്തപുരം: കരിമഠം കോളനിയിൽ അനർഹർക്കും ഫ്ലാറ്റ് നൽകിയതായി പരാതി. കോളനിക്ക് പുറത്തുള്ള 40 പേർക്ക് ഫ്ലാറ്റ് നൽകിയെന്നാണ് ആക്ഷേപം. പരാതികൾ പരിശോധിക്കുമെന്ന് മേയർ അറിയിച്ചു. മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി 180 പേർക്കാണ് അടുത്തിടെ ഫ്ലാറ്റ് നൽകിയത്. 2010 ൽ നഗരസഭ തയ്യാറാക്കിയ പട്ടിക അനുസരിച്ചായിരുന്നു നിർമ്മാണം. അന്ന് തന്നെ പരാതി ഉന്നയിച്ചിട്ടും നഗരസഭ ശ്രദ്ധിച്ചില്ലെന്നാണ് ആക്ഷേപമുണ്ട്. കോളനിയിൽ സ്ഥിരതാമസക്കാരലാത്തവർക്കും ഫ്ലാറ്റ് കിട്ടിയെന്നാണ് പരാതി.
തമിഴർക്കും വീട് വിറ്റവർക്കും വാടകയ്ക്ക് കൊടുക്കുന്നവർക്കുമാണ് ഫ്ളാറ്റ് കിട്ടിയിരിക്കുന്നത്. കോളനിവാസിയായ സജിന ആരോപിച്ചു. സർക്കാർ നടപടിയെടുത്തില്ലെങ്കില് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോളനിവാസിയായ മോഹനന് പറഞ്ഞു. ഒന്നും രണ്ടും ഘട്ട ഫ്ലാറ്റ് വിതരണത്തിനെതിരെയും പലരും നൽകിയ പരാതികൾ ഓംബുഡ്സ്മാന് മുന്നിലും ഹൈക്കോടതിയിലുമുണ്ട്. പരാതികൾ പരിശോധിക്കാൻ പ്രൊജക്ട് ഓഫീസറെ ചുമതലപ്പെടുത്തിയതായി മേയർ വികെ പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിശോധനക്ക് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് മേയറുടെ ഉറപ്പ്.
കേന്ദ്രാവിഷ്കൃത പദ്ധതിയായി ബി.എസ്.യു.പി പദ്ധതിപ്രകാരം മണക്കാട് വാർഡിലെ കരിമഠം കോളനിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പ്രവൃത്തികൾ നഗരസഭ ആരംഭിച്ചത്. ഡി.പി.ആർ.പ്രകാരം 560 വീടുകൾ, അംഗൻവാടികൾ ,കമ്മ്യൂണിറ്റി കെട്ടിടങ്ങൾ ,അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും നിർമ്മാണവും ഉൾപ്പെടുന്ന ഒരു ബൃഹത്തായ പദ്ധതിയാണിത്.
