ഫയര്‍ സര്‍വീസ് ഗ്രേഡ് കാറ്റഗറി ഒമ്പതില്‍ നിന്ന് ഏഴാക്കി മാറ്റി

കരിപ്പൂര്‍:കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ ഫയര്‍ സര്‍വീസ് ഗ്രേഡ് കാറ്റഗറി ഒമ്പതില്‍ നിന്ന് ഏഴാക്കി മാറ്റിയ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് പ്രവാസിമലയാളികള്‍. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്താനുളള നടപടിയാണെന്നും പ്രവാസികള്‍ ആരോപിച്ചു. തരംതാഴ്ത്തല്‍ മൂലം വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള എല്ലാ സാധ്യത ഇല്ലാതാവുമെന്നാണ് പ്രവാസികളുടെ പ്രധാന ആശങ്ക. 

മലബാര്‍ മേഖലയിലുള്ള പ്രവാസികളോടും അവരുടെ കുടുംബാംഗങ്ങളോടും കടുത്ത വിവേചനമാണ് ഇതിലൂടെ കേന്ദ്രം കാണിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പണി പൂര്‍ത്തിയായ സാഹചര്യത്തില്‍ കേരള സര്‍ക്കാരിനും കരിപ്പൂരിന്‍റെ കാര്യത്തില്‍ മെല്ലെപോക്ക് നയമാണെന്നും പ്രവാസി സംഘടനയായ യുഎഇ കെഎംസിസി അറിയിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ സ്ഥാനം നേരത്തെയുണ്ടായിരുന്ന കാറ്റഗറി ഒന്‍പതില്‍ നിന്ന് ഏഴ് ആയി കുറച്ചതോടെ 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എയര്‍ ക്രാഫ്റ്റുകള്‍ക്ക് മാത്രമേ ഇനിമുതല്‍ കരിപ്പൂരില്‍ സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിയ്ക്കുകയുള്ളു. ബോയിംഗ് 747 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ക്കിറങ്ങാന്‍ സാധിക്കില്ല. രാജ്യത്തിന്‍റെ സമ്പദ് ഘടനക്ക് കാര്യമായ സംഭാവന ചെയ്യുന്നതും പൊതുമേഖലയിലുള്ളതുമായ വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിവിധ പ്രവാസി സംഘടനകളുടെ തീരുമാനം.