ജയിലിൽ കഴിയുമ്പോഴും വിവാദങ്ങൾക്ക് തിരികൊളുത്തി വിരമിച്ച കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കർണൻ. ഔദ്യോഗിക കാലത്ത് കർണൻ സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ പുറപ്പെടുവിച്ച കോടതി ഉത്തരവുകൾ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വക്താവ് ഡബ്ല്യൂ പീറ്റർ രമേഷ് അറിയിച്ചിരിക്കുന്നത്. ജയിലിൽനിന്ന് പുറത്തിറങ്ങിയാലുടനെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ആത്മകഥയ്‌ക്കൊപ്പമായിരിക്കും പുസ്തകരൂപത്തിൽ ഈ ഉത്തരവുകളും ഉൾപ്പെടുത്തുക.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴ് ന്യായാധിപൻമാർക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷ വിധിച്ചതടക്കം കർണൻ പുറപ്പെടുവിച്ച 22 ഉത്തരവുകളും പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരണത്തിന് ആവശ്യമായ നടപടികൾ ആരംഭിക്കാൻ കർണൻ തന്നോട് ആവശ്യപ്പെട്ടതായും പീറ്റർ വ്യക്തമാക്കി. കോടതി അലക്ഷ്യ നടപടി നേരിടുന്ന കർണൻ ഡിസംബർ 10നാണ് ജയിൽ മോചിതനാകുക. മെയ് ഒമ്പതിനാണ് കോടതി അലക്ഷ്യത്തിന് സുപ്രീംകോടതി ഏഴംഗ ബഞ്ച് കർണന് ആറ് മാസം ജയിൽ ശിക്ഷ വിധിച്ചത്. തുടർന്ന് ഒളിവിലായിരുന്ന കർണനെ ഒന്നര മാസത്തിന് ശേഷം ജൂൺ 20ന് കോയമ്പത്തൂരിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.