ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി സി.എസ്. കർണന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. തടവ്ശിക്ഷയിൽ നിന്നും ഇളവ് തേടുന്ന ഹരജിയും സുപ്രീംകോടതി തള്ളി. വേനലവധിക്ക് ശേഷം ഏഴംഗ ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് സുപ്രിംകോടതി കർണനോട് ആവശ്യപ്പെട്ടു. കർണൻ ഇപ്പോൾ ജയിലിൽ കഴിയേണ്ടതാണെന്ന് ഡി.വൈ.ചന്ദ്രചൂർ, എസ്.കെ കൗൾ എന്നിവരടങ്ങിയ ബെഞ്ച് കർണന്റെ അഭിഭാഷകനോട് വ്യക്തമാക്കി.
ഒന്നരമാസമായി ഒളിവിലായിരുന്ന കർണനെ കോയമ്പത്തൂരിൽ വെച്ച് ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സഹജഡ്ജിമാർക്കും സുപ്രിംകോടതിക്കുമെതിരെ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട് മേയ് ഒമ്പതിനാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറു മാസത്തേക്ക് ശിക്ഷിച്ചത്.
