ഗുല്‍ബര്‍ഗ കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന പ്രഖ്യാപനത്തിന് പുറകെയാണ് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എസ്‌പിയോട് ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ട് നാളെ നല്‍കുമെന്ന് ഗുല്‍ബര്‍ഗ എസ്‌പി പറഞ്ഞു. സംഭവം ദുഖകരമാണെന്ന് പ്രതികരിച്ച പിണറായി വിജയന്‍ റാഗിങ് പോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. അശ്വതിയുടെ ചികിത്സാ ചെലവും പഠനച്ചെലവും പൂര്‍ണ്ണമായും ഏറ്റെടുക്കുമെന്നാണ് കോഴിക്കാട് ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ പ്രഖ്യാപനം

അതിനിടെ റാഗിങ് കേസിന്റെ അന്വേണത്തിനായി കോഴിക്കോട്ടെത്തുന്ന ഗുല്‍ബര്‍ഗ ഡിവൈഎസ്‌പി ജാഹ്നവി ഇന്ന് അശ്വതിയുടെ മൊഴി രേഖപ്പെടുത്താനിടയില്ലെന്നാണ് സൂചന. കേസന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ ഗുല്‍ബര്‍ഗ പോലീസ് സംഘം ശേഖരിച്ച വിവരങ്ങള്‍ ഡിവൈഎസ്‌പി പരിശോധിക്കും. അശ്വതിയുടെ രക്ഷിതാക്കളുടെ മൊഴിയും എടുക്കുന്നുണ്ട്. ഇതിനിടെ റാഗിങ് കേസില്‍ പ്രതി ചേര്‍ത്ത ഒരു വിദ്യാര്‍ത്ഥിനിക്ക് വേണ്ടിയുള്ള അന്വേഷണം ഗുല്‍ബര്‍ഗാ പോലീസ് ഊര്‍ജ്ജിതമാക്കി. ഒളിവില്‍ കഴിയുന്ന ശില്‍പ ജോസിനായി കേരളപോലീസിന്റെ സഹായത്തോടെ കോട്ടയം, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഗുല്‍ബര്‍ഗാ സെന്‍ട്രല്‍ജയിലിലാണ്.