തീരുമാനം മീറ്റിങ്ങുകളിൽ അച്ചടക്കം പാലിക്കാൻ അധ്യാപകർക്കും മൊബൈൽ ഫോൺ വിലക്ക് സ്കൂളിൽ വേണ്ടത് മാതൃകാപരമായ അന്തരീക്ഷം
കർണാടക: ഔദ്യോഗിക മീറ്റിങ്ങുകളിൽ ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന നിർദ്ദേശവുമായി കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിലാണ് കുമാരസ്വാമിയുടെ ഈ നടപടി. ഔദ്യോഗിക മീറ്റിങ്ങുകളിൽ അച്ചടക്കം പാലിക്കുന്നതിനും അസ്വസ്ഥതകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു നിർദ്ദേശമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
സ്വാഗതാർഹമായ തീരുമാനമെന്നാണ് ചീഫ് സെക്രട്ടറി രത്നപ്രഭ ഈ നടപടിയെ വിശേഷിപ്പിക്കുന്നത്. കാരണം മൊബൈൽ ഫോൺ കയ്യിലില്ലെങ്കിൽ
കൂടുതൽ ശ്രദ്ധയോടെയും ഫലപ്രദമായും ഔദ്യോഗിക മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും. അടിയന്തിര സ്വഭാവമുള്ള മീറ്റിങ്ങുകളിലായിരിക്കും ഈ തീരുമാനം കൂടുതൽ ഫലപ്രദമാകുന്നത്. പത്ത് ദിവസം മുമ്പാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഇതിനകം വളരെ കുറച്ചു മീറ്റിങ്ങുകളിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം സർക്കാർ സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ സർക്കുലർ നൽകിയിരുന്നു. ക്ലാസ്സെടുക്കുന്ന സമയങ്ങളിൽ യാതൊരു കാരണവശാലും അധ്യാപകർ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന് സർക്കുലറിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
''സ്കൂളിൽ മാതൃകാപരമായ അന്തരീക്ഷമാണ് സൃഷ്ടിക്കേണ്ടത്. അത് അധ്യാപകരുടെ കടമയാണ്. ഈ ഉദ്ദേശ്യത്തെ മുൻനിർത്തിയാണ് സ്കൂളിൽ മൊബൈൽ ഫോൺ വിലക്കേർപ്പെടുത്തിയത്'' - സർക്കുലറിൽ പറയുന്നു. ഇതിന് വിരുദ്ധമായി ഏതെങ്കിലും അധ്യാപകരോ ജീവനക്കാരോ പ്രവർത്തിച്ചാൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പ്രധാന അധ്യാപകർക്ക് അധികാരമുണ്ടെന്നും സർക്കുലറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
