പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പതിവാണ്. അത് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് മോഡിയെ പരിഹസിച്ചും അനുകരിച്ചും പൊതുവേദിയില്‍ പ്രസംഗിച്ചിരിക്കുകയാണ്. 

മോദിയുടെ സ്ഥിരം വാക്കുകളായ സബ്കാ സാദ് സബ്കാ വികാസ് എന്നതും അദ്ദേഹത്തിന്റെ കൈകള്‍ ഉയര്‍ത്തിയുള്ള പ്രസംഗവുമെല്ലാം അതേപടി അനുകരിച്ചായിരുന്നു സിദ്ധരാമയ്യയുടെ പ്രസംഗം. ചൊവ്വാഴ്ച ചിക്കോഡിയില്‍നടന്ന പ്രസംഗത്തിലായിരുന്നു മിമിക്രി അരങ്ങേറിയത്. 

അടുത്ത വര്‍ഷം കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സമ്മേളനത്തില്‍ രാജ്യത്തിന്റെ നികുതി വെട്ടിച്ചുണ്ടാക്കിയ കള്ളപ്പണം മുഴുവന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന മോദിയുടെ പ്രസ്താവനയെ ചോദ്യം ചെയ്യുകയായിരുന്നു സിദ്ധരാമയ്യ. 

സബ്കാ സാത് സബ്കാ വികാസ് എന്ന് മോദി സ്‌റ്റൈലില്‍ പ്രസംഗിച്ച സിദ്ധാരമയ്യ, പിന്നീട് എന്താണ് വികസനം എന്ന് കന്നടയില്‍ ജനങ്ങളോട് ചോദിച്ചു. അച്ചാ ദിന്‍ ആയേഗ എന്ന് ഉറക്കെ പ്രഖ്യാപിച്ചതിന് ശേഷം എപ്പോഴാണ് ആ നല്ല ദിവസം എന്നും ചോദിച്ചു... ഇതേ ശൈലിയില്‍ കര്‍ണാടക മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു.

നല്ല ദിവസം വന്നില്ല, വികനം ഉണ്ടായില്ല, 15 ലക്ഷം ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയതുമില്ല, സിദ്ധരാമയ്യ പറഞ്ഞു. മോദിയ്ക്ക് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തേയും മുന്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയെയും അദ്ദേഹം വിമര്‍ശിച്ചു. അനുകരണ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.