ആറ് മാസം കൂടുമ്പോള്‍ മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തും മോശം പ്രകടനം നടത്തുന്നവര്‍ പുറത്താകും

ബെംഗളൂരു: തിരിച്ചടികളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത പാര്‍ട്ടിയെന്നുള്ള പേര് മായ്ക്കാനുള്ള ശ്രമത്തിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും കുമാരസ്വാമിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ പാര്‍ട്ടി പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ഇതിനായി ലഭിച്ച വകുപ്പുകളുടെ മികച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കുമാരസ്വാമി സര്‍ക്കാരിലുള്ള കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പാര്‍ട്ടി റൊട്ടേഷന്‍ പോളിസി ഏര്‍പ്പെടുത്തി. രണ്ട് വര്‍ഷത്തിന് ശേഷം പുതിയ മുഖങ്ങള്‍ മന്ത്രി പദവിയിലെത്തുന്ന തരത്തിലാണ് രീതി. മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന മന്ത്രിമാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കും മുമ്പേ പുറത്ത് പോകും.

ഓരോ ആറ് മാസം കൂടുമ്പോഴും കോണ്‍ഗ്രസ് മന്ത്രിമാരുടെ പ്രവര്‍ത്തനം പാര്‍ട്ടി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. കെപിസിസി (കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) അധ്യക്ഷന്‍ ജി. പരമേശ്വര മുന്‍ സര്‍ക്കാരിലും സമാനമായ രീതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കാന്‍ സാധിച്ചില്ല. മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മൂന്ന് ഘടകങ്ങളാണ് ഹെെക്കമാന്‍ഡ് മുന്നോട്ട് വച്ചിരിക്കുന്നത്.

അന്തിമമായ മന്ത്രിസഭയല്ല നിലവിലുള്ളതെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ആദ്യമായി എംഎല്‍എമാരായവര്‍ മന്ത്രിസഭയിലേക്കെത്തില്ല. ഓരോ ആറ് മാസം കൂടുമ്പോഴും പ്രവര്‍ത്തനം വിലയിരുത്തി പ്രകടനം മോശമായവരെ മാറ്റും.

രണ്ട് വര്‍ഷത്തിന് ശേഷം മന്ത്രിമാര്‍ ആകുന്നവര്‍ക്ക് മൂന്ന് വര്‍ഷം ലഭിക്കുമെന്ന പ്രശ്നം വിഷയത്തില്‍ ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, പ്രകടനം മോശമാകുന്നതനുസരിച്ച് മന്ത്രിസഭയിലെ സ്ഥാനവും നഷ്ടമാകുമെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും സിദ്ധരാമയ്യ സര്‍ക്കാരിലുണ്ടായിരുന്ന പല പ്രമുഖരെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്.

കെസിസിസി പ്രസി‍ഡന്‍റിനെയും എഐസിസി ജനറല്‍ സെക്രട്ടറിയെയുമാണ് അഭിപ്രായ വ്യത്യാസമുള്ളവര്‍ ലക്ഷ്യം വെയ്ക്കുന്നത്. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരെയും നേതാക്കള്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കുമെതിരെയും കടുത്ത നിലപാട് ഹെെക്കമാര്‍ഡ് സ്വീകരിക്കുമെന്നാണ് വിവരം.

സിദ്ധരാമയ്യ സര്‍ക്കാരിലുണ്ടായിരുന്ന എച്ച്.എം. രേവണ്ണ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയതിന്‍റെ വിശദാംശങ്ങളും ഇതിനിടെ പുറത്തു വന്നു. അഭിപ്രായ വ്യത്യസമുള്ള എംഎല്‍എമാര്‍ എം.ബി. പാട്ടീലിന്‍റെ വീട്ടില്‍ യോഗം ചേര്‍ന്നതും വാര്‍ത്തയായിരുന്നു.