പ്രധാനമന്ത്രിക്ക് അല്‍പമെങ്കിലും ആത്മാഭിമാനവും സ്ത്രീകളോട് ആദരവുമുണ്ടെങ്കില്‍ യു.പി മുഖ്യമന്ത്രിയെ പിടികൂടണണമെന്നും റാവു ആവശ്യപ്പെട്ടു.
ബംഗളൂരു: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർണാടകയിൽ കാലുകുത്തിയാൽ ചെരുപ്പ്കൊണ്ട് തല്ലി തിരിച്ച് പറഞ്ഞയക്കണമെന്ന് കര്ണ്ണാടക കോണ്ഗ്രസ് വര്ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു. ഉന്നാവോയിലും കത്വയിലും നടന്ന പീഡനങ്ങളില് പ്രതിഷേധിച്ച് മെഴുകുതിരി കത്തിച്ച് നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
യു.പിയില് നിന്ന് കര്ണ്ണാടകയിലേക്ക് വന്ന് പ്രസംഗിക്കുന്ന അയാള് യോഗിയല്ല, മറിച്ച് ഇരട്ടമുഖമുള്ളവനും കള്ളനും കൊള്ളക്കാരനുമാണ്. അയാള് ഇവിടെ കടക്കാന് അനുവദിക്കരുത്. അയാളെ യോഗി എന്നും വിളിക്കേണ്ടതില്ല. അയാള് ഭോഗി അദിത്യനാഥാണ്. കര്ണ്ണാടകയിലേക്ക് പ്രവേശിച്ചാല് അയാളെ ചെരിപ്പ് കൊണ്ട് അടിച്ച് തിരിച്ചയക്കണം. പ്രധാനമന്ത്രിക്ക് അല്പമെങ്കിലും ആത്മാഭിമാനവും സ്ത്രീകളോട് ആദരവുമുണ്ടെങ്കില് യു.പി മുഖ്യമന്ത്രിയെ പിടികൂടണണമെന്നും റാവു ആവശ്യപ്പെട്ടു.
എന്നാല് പ്രസ്താവനയില് പ്രതിഷേധമുയര്ത്തി ബി.ജെ.പി രംഗത്തെത്തി. തുടര്ന്ന് താന് പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില് ഖേദം പ്രകടിപ്പിക്കുന്നതായി റാവു അറിയിച്ചു. രണ്ട് പെൺകുട്ടികൾ മാനഭംഗത്തിനിരയായ സംഭവം തനിക്കു വൈകാരികമായ വിഷയമാണെന്നും അതുകൊണ്ടാണ് അത്തരത്തില് സംസാരിക്കേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
