ബംഗളൂരു: ഫോറസ്റ്റ് ഓഫീസറെ ഭീഷണിപ്പെടുത്തി കോൺ​ഗ്രസ് എം എൽ എ. കർണ്ണാടകയിലെ ശിവമോഗ്ഗയിലെ എം എൽ എ ആയ ബി കെ സങ്കമേശ്വരയാണ് ഓഫീസർക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. വനപ്രദേശത്ത് ക്ഷേത്രം പണിയുന്നത് ഉദ്യോ​ഗസ്ഥൻ എതിർത്തതാണ് എം എൽ എയെ ചൊടിപ്പിച്ചത്. സങ്കമേശ്വര ഉദ്യോ​ഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

''അവർ ഇവിടെ ആചാരാനുഷ്ഠാനങ്ങൾ നടത്തും ആർക്കും അത് തടയാൻ സാധിക്കില്ല. തടഞ്ഞാൽ അവരുടെ കൈയും കാലും ഞാൻ വെട്ടിയെടുക്കും. നിനക്ക് പറഞ്ഞത് മനസ്സിലായോ ''-എന്നാണ് എം എൽ എയുടെ ഭീഷണിയെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് ക്ഷേത്രം പണിയുന്നതിനായി കഴിഞ്ഞ വർഷം ഡിസംബർ 31ന് നാട്ടുകാർ തറക്കല്ലിട്ടു. എന്നാൽ ഇത് വനപ്രദേശമാണെന്നും ക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും  ഫോറസ്റ്റ് ഉദ്യോ​ഗസ്ഥൻ നിലപാടെടുക്കുകയായിരുന്നു.

ഇതോടെ ക്ഷേത്ര നിർമ്മാണം അനിശ്ചിതത്വത്തിലാകുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോൺ​ഗ്രസ് എം എൽ എ രം​ഗത്തെത്തിയത്. പാർട്ടി പ്രവർത്തകർ തന്നെ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.