കോൺഗ്രസിലെ തന്നെ ദളിത് നേതാക്കളായ ബസവലിംഗപ്പ, കെ. എച്ച്. രംഗനാഥ്, മല്ലികാർജ്ജുന ഖാർഗെ എന്നിവരെല്ലാം ജാതിയുടെ പേരിൽ പിന്തളളപ്പെട്ടവരാണ്. ഇവർക്കെല്ലാം വേണമെങ്കിൽ മുഖ്യമന്ത്രി ആകാമായിരുന്നു.
കർണാടക: ദളിത് സമുദായത്തിൽ നിന്നുള്ള ആളായതിനാൽ മൂന്നു തവണ മുഖ്യമന്ത്രി പദം നിഷേധിച്ചതായി കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര. പൂർണ്ണ മനസ്സോടെയല്ല ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ദാവൺഗരയിൽ ദളിത് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പരമേശ്വര. ദളിത് നേതാക്കളുടെ ഉയർച്ചയ്ക്ക് തടയിടുന്ന ചില കോൺഗ്രസ് നേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ തന്നെ ദളിത് നേതാക്കളായ ബസവലിംഗപ്പ, കെ. എച്ച്. രംഗനാഥ്, മല്ലികാർജ്ജുന ഖാർഗെ എന്നിവരെല്ലാം ജാതിയുടെ പേരിൽ പിന്തളളപ്പെട്ടവരാണ്. ഇവർക്കെല്ലാം വേണമെങ്കിൽ മുഖ്യമന്ത്രി ആകാമായിരുന്നു. എന്നാൽ ദളിത് സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അടിച്ചമർത്തലിന്റെ ഭാഗമായി ഇവർക്കൊന്നും മുഖ്യമന്ത്രി പദത്തിൽ എത്താനായില്ലെന്നും പരമേശ്വര ദേശീയമാധ്യമമായ പിടിഐയോട് പറഞ്ഞതായി റിപ്പോർട്ട്.
എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മുൻമുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ നിഷേധിച്ചു കൊണ്ട് രംഗത്തെത്തി. ''ദളിത് സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് കോൺഗ്രസ് ഏറ്റവുമധികം പ്രവർത്തിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി, സമൂഹത്തിലെ ദളിത് പിന്നാക്കവിഭാഗങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. ഏത് അർത്ഥത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. അദ്ദേഹത്തോട് തന്നെ ചോദിക്കുകയായിരിക്കും നല്ലത്.'' സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
