Asianet News MalayalamAsianet News Malayalam

കര്‍ണ്ണാടക തെരഞ്ഞെടുപ്പ്; കരിമ്പ് കര്‍ഷകരുടെ വോട്ട് നിര്‍ണ്ണായകം

  • വോട്ടർമാരായ കർഷകരിൽ നല്ലൊരു പങ്കും കരിമ്പ് കൊണ്ട് ജീവിക്കുന്നവരാണ്
  • കരിമ്പ് കർഷകരുടെ ആത്മഹത്യാ കണക്കിൽ മുന്നിലാണ് ബെലഗാവി.
karnataka election

ബെംഗളൂരു:കരിമ്പ് കർഷകരുടെ വോട്ട് വിലയേറിയതാണ് ഇത്തവണ കർണാടകത്തിൽ. കരിമ്പിന്‍റെ വിലക്കുറവ് പരിഹരിക്കാനും  മില്ലുടമകളിൽ നിന്ന് കിട്ടാനുള്ള കുടിശിക തീർക്കാനും സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്ന വികാരം ഗ്രാമങ്ങളിലുണ്ട്. മൈസൂരു മേഖലയിലും ബെലഗാവിയിലും ഇത് കോൺഗ്രസിന് ആശങ്കയുണ്ടാക്കുന്നതാണ്.

ഒരു ലക്ഷം ഏക്കർ വരും കർണാടകത്തിലെ കരിമ്പ് കൃഷി. രാജ്യത്തെ കരിമ്പ് ഉദ്പാനത്തിന്‍റെ പത്ത് ശതമാനം. വോട്ടർമാരായ കർഷകരിൽ നല്ലൊരു പങ്കും കരിമ്പ് കൊണ്ട് ജീവിക്കുന്നവരാണ്. കരിമ്പ് കർഷകരുടെ ആത്മഹത്യാ കണക്കിൽ മുന്നിലാണ് ബെലഗാവി. വരൾച്ച വില്ലനായിട്ടും വിളവുണ്ടായെങ്കിലും കര്‍ഷകര്‍ക്ക് വില കിട്ടിയില്ല. മേഖലയിലെ പത്തിലധികം ഫാക്ടറികളുടെയും ഉടമകൾ എംഎൽഎമാരും എംപിമാരും മുൻ മന്ത്രിമാരുമാണ്. ഇവരുടെ മില്ലുകളെല്ലാം കുടിശിക വരുത്തി.

സമരങ്ങൾക്കൊടുവിൽ സുവർണസൗധയിൽ സഭ ചേർന്നപ്പോൾ കർഷകർക്ക് 1500 രൂപ സബ്സിഡി പ്രഖ്യാപിച്ചു സിദ്ധരാമയ്യ. നേട്ടം സ്വപ്നം
കണ്ടവർക്കുണ്ടായത് ഇരുട്ടടിയായി. അതുവരെ ടണ്ണിന് 2500 നൽകിയിരുന്ന മില്ലുടമകൾ തുക വെട്ടിക്കുറയ്ക്കുകയും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസിലൊതുങ്ങുകയുമായിരുന്നു. ജാതി അടിസ്ഥാനത്തിലാണ് പതിവായി കർണാടകത്തിൽ കർഷക വോട്ട്. എന്നാൽ കരിമ്പ് കർഷകരുടേതടക്കമുളള എതിർപ്പ് ഏത് വഴിക്ക് പോകുമെന്നത് നിർണായകമാവും.

Follow Us:
Download App:
  • android
  • ios