അഞ്ച് ദിവസങ്ങളിലായി പതിനഞ്ച് റാലികളില്‍ മോദി പങ്കെടുക്കും
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും. ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗാവിയിലുമാണ് ആദ്യ ദിനത്തിലെ റാലികള്. അഞ്ച് ദിവസങ്ങളിലായി പതിനഞ്ച് റാലികളില് മോദി പങ്കെടുക്കും. അവസാന ലാപ്പില് മോദിയെ രംഗത്തിറക്കുകയാണ് കര്ണാടകത്തില് ബിജെപി.
മോദി ഏറ്റവുമൊടുവില് പാര്ട്ടി പൊതുയോഗത്തിനെത്തിയത് ഫെബ്രുവരിയില് മൈസൂരുവിലാണ്. അതേ മൈസൂരു മേഖലയിലാണ് അഞ്ച് ദിവസം നീളുന്ന പ്രചാരണത്തിന് പ്രധാനമന്ത്രി തുടക്കമിടുന്നത്. ബിജെപിക്ക് സ്വാധീനമില്ലാത്ത മൈസൂരുവില് ഈ വര്ഷം ഇത് മോദിയുടെ മൂന്നാം വരവാണ്. രണ്ട് മാസത്തിനിടെ അമിത് ഷാ ഇവിടെ പ്രചാരണം നയിച്ചത് നാല് തവണ. ഇതിന് മുമ്പെങ്ങും ഇല്ലാത്തവിധമാണ് കോണ്ഗ്രസും ജെഡിഎസും നേരിട്ട് ഏറ്റുമുട്ടുന്ന മൈസൂരുവില് ബിജെപിയുടെ നോട്ടം.
ജെഡിഎസുമായുണ്ടാക്കിയ ധാരണയാണ് മേഖലയില് ബിജെപി നേതാക്കളുടെ സജീവസാന്നിധ്യത്തിന് കാരണമെന്ന് കോണ്ഗ്രസ് ആരോപിക്കുന്നുണ്ട്. ഇവിടെ ആകെയുളള 57 സീറ്റില് നാലില് മാത്രമാണ് ബിജെപിക്ക് കഴിഞ്ഞ തവണ ജയിക്കാനായത്. ചാമരാജനഗറിന് ശേഷം ഉഡുപ്പിയിലും ബെലഗാവിയിലും മോദി പ്രസംഗിക്കും.
കര്ണാടക ബിജെപിയില് റെഡ്ഡിമാരുടെ തിരിച്ചുവരവുണ്ടാക്കിയ വിവാദ അന്തരീക്ഷത്തിലാണ് പ്രധാനമന്ത്രി പ്രചാരണം തുടങ്ങുന്നത്. റെഡ്ഡിമാരുടെ തട്ടകമായ ബെളളാരിയില് വ്യാഴാഴ്ചയാണ് മോദിയുടെ റാലി. ലിംഗായത്ത് വിഷയം, ജെഡിഎസ് ബന്ധം എന്നിവയിലെല്ലാം പ്രധാനമന്ത്രി എന്ത് പറയും എന്നത് ശ്രദ്ധേയമാവും.
