കർണാടകയിൽ തീരദേശമേഖലകളിലുണ്ടായ  കനത്ത പോളിംഗ് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസും ബി.ജെ.പിയും

ബംഗലൂരൂ: കർണാടകയിൽ തീരദേശമേഖലകളിലുണ്ടായ കനത്ത പോളിംഗ് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസും ബി.ജെ.പിയും. ഹൈന്ദവ ഏകീകരണത്തിലാണ് ബി.ജെ.പിയുടെ പ്രതീക്ഷയെങ്കിൽ ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും ചേർന്ന സമവാക്യം കോൺഗ്രസിന് പ്രതീക്ഷ നൽകുന്നു.

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. കർണാടകത്തിൽ വർഗീയ ദ്രുവീകരണം ശക്തമായ മേഖല. ഹിന്ദു വോട്ട് ലക്ഷ്യമാക്കി നടത്തിയ പ്രചാരണവും അവസാനഘട്ടത്തിൽ യോഗി ആദിത്യനാഥടക്കമുള്ള ദേശീയ നേതാക്കളുടെ സാനിധ്യവും ഏറ്റെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ആർ.എസ്.എസി.ന്റെ പിന്തുണയും കരുത്താകും.

ഹിന്ദു വോട്ട് ഏകീകരണത്തിനെതിരെ കോൺഗ്രസ് പ്രതീക്ഷ അഹിന്ദ സമവാക്യത്തിലാണ്. ന്യൂനപക്ഷ പിന്നോക്ക വോട്ടുകളിലൂടെ ബി.ജെ.പിയെ മറികടക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഭരണ വിരുദ്ധ വികാരമില്ലാത്തതും തുണയാകും. എങ്കിലും കഴിഞ്ഞ തവണത്തെ മുന്നേറ്റം ആവർത്തിക്കാനാകുമെന്ന് ഉറപ്പില്ല.

മുന്നേറ്റമുണ്ടാക്കാനാകുമെന്ന് ഇരുപാർട്ടികളും അവകാശപ്പെടുമ്പോഴും അകത്ത് കണക്കെടുപ്പ് തുടരുകയാണ്. പൂർണമായ ചിത്രം ഇതിന് ശേഷമെന്നാണ് പലരുടേയും പ്രതികരണം. മുഴുവൻ സീറ്റിലും മത്സരിക്കുന്നുണ്ടെങ്കിലും ജെ.ഡി.എസിന് തീരദേശ മേഖലയിൽ വലിയ സ്വാധീനമില്ല.