കർണാടക നിയമസഭയിൽ വിശ്വാസപ്രമേയം പാസ്സായി
ബെംഗളൂരു: കർണാടക നിയമസഭയിൽ ഭൂരിപക്ഷം തെളയിച്ച് എച്ച്.ഡി.കുമാരസ്വാമി. 117 എംഎൽഎ മാരുടെ പിന്തുണ നേടിയാണ് ജെഡിഎസ് കോൺഗ്രസ് സഖ്യം അധികാരം ഉറപ്പിച്ചത്. വോട്ടെടുപ്പ് ബിജെപി ബഹിഷ്കരിച്ചതിനെ തുടർന്ന് ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. ഭൂരിപക്ഷം തെളിയിച്ചതോടെ ഇനി ആറുമാസത്തേക്ക് ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിന് നിയമസഭിയില്‍ പ്രശ്നങ്ങളില്ലെങ്കിലും മന്ത്രിസഭാ രൂപീകരണം പ്രതിസന്ധിയാകും. സഖ്യത്തില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുന്നതായാണ് സൂചന.
പരസ്പരം ശക്തമായ ആക്രമണമാണ് യെദ്യൂരപ്പയും കുമാരസ്വാമിയും നടത്തിയത്. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നും, സഖ്യം കറുത്ത അധ്യായം ആയിരുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. അച്ഛൻ ദേവഗൗഡയെപ്പോലെ മതേതരവാദിയായി ജീവിക്കാനാണ് താത്പര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുമാരസ്വാമി വിശ്വാസിക്കാൻ കൊള്ളാത്തവനാണെന്നും നേരത്തെ പിന്തുണ നൽകിയതിൽ ഖേദിക്കുന്നുവെന്നും യെദ്യൂരപ്പ തിരിച്ചടിച്ചു. ഇപ്പോഴത്തെ സഖ്യത്തെക്കുറിച്ച് ഓർത്ത് ഭാവിയിൽ കോൺഗ്രസിന് ദുഃഖിക്കേണ്ടിവരുമെന്ന് പറഞ്ഞാണ് യെദ്യൂരപ്പ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.
സ്പീക്കർ തെരഞ്ഞെടുപ്പോടെയാണ് സഭയിലെ ഇന്നത്തെ നടപടികൾ തുടങ്ങിയത്. ബിജെപി സ്ഥാനാർത്ഥിയായി എസ്. സുരേഷ് കുമാർ പത്രിക നൽകിയിരുന്നെങ്കിലും രാവിലെ അത് പിൻവലിച്ചു. തുടർന്ന് കോൺഗ്രസിന്‍റെ ബി.ആർ. രമേഷ് കുമാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നായിരുന്നു കുമാരസ്വാമി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
