ബെംഗലുരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ ഘാതകരെ തിരിച്ചറിഞ്ഞെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. എന്നാല്‍ ശക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ കാത്തിരിക്കുന്നതായി കര്‍ണ്ണാടക ആഭ്യന്തര മന്ത്രി പറഞ്ഞു. കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചെന്നും മാധ്യമങ്ങളോട് വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും രാമലിംഗ റെഡ്ഡി അറിയിച്ചു.
സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗലുരുവിലെ വസതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹെല്‍മറ്റ് ധരിച്ചെത്തിയ അക്രമകാരിയാണ് വെടിവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കര്‍ണ്ണാടക സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മിത തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് നേരത്തെ തെളിഞ്ഞിരുന്നു
പ്രതികളെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ കര്‍ണ്ണാടക സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയില്ല എന്ന വിമര്‍ശനം നിലനില്‍ക്കുമ്പോളാണ് കര്‍ണ്ണാടക സര്‍ക്കാര്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനത്തെ വിമര്‍ശിച്ച് ചലച്ചിത്രതാരം പ്രകാശ് രാജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
