ബംഗളുരു: സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്ത് കര്‍ണ്ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് 6.2 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 30 ശതമാനം വരെ ശമ്പള വര്‍ദ്ധനവാണ് പദ്ധതിയിടുന്നത്. 24 മുതല്‍ 30 ശതമാനം വരെ ശമ്പളം കൂട്ടുന്നതിനൊപ്പം മാസത്തില്‍ ഒരു അധിക അവധികൂടി നല്‍കാനും ആലേചിക്കുന്നു.
ആഴ്ചയില്‍ ഞായറാഴ്ച ഒഴികെയുള്ള ആറ് പ്രവൃത്തി ദിനങ്ങളാണ് കര്‍ണ്ണാടകയിലുമുള്ളത്. പൊതു അവധി ദിനങ്ങള്‍ക്ക് പുറമെ രണ്ടാം ശനിയും അവധിയുമുണ്ട്. ഇതിനൊപ്പം നിലവില്‍ ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കുന്നത് പോലെ നാലാം ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചന. എന്നാല്‍ പ്രവൃത്തി സമയം നഷ്‌ടമാകാതിരിക്കാന്‍ മറ്റ് ചില ദിവസങ്ങളിലെ പ്രവൃത്തിസമയം അല്‍പ്പം ദീര്‍ഘിപ്പിച്ചേക്കും. അടുത്തമാസം അവതരിപ്പിക്കാനൊരുങ്ങുന്ന സംസ്ഥാന ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.
ശമ്പള വര്‍ദ്ധനവിനേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി ഇതിന് മുന്‍പ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. ശമ്പളവും പെന്‍ഷനുകളും വര്‍ദ്ധിപ്പിക്കണമെന്ന ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം പഠിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു. 30 മുതല്‍ 35 ശതമാനം വരെ വര്‍ദ്ധനവ് പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ 24 മുതല്‍ 30 വരെ വര്‍ദ്ധനവിനാണ് സാധ്യത. ഇതിന് തന്നെ 10,800 കോടി രൂപ സര്‍ക്കാര്‍ അധികം കണ്ടെത്തേണ്ടി വരും.
