മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍പൂജകളും പ്രാര്‍ത്ഥനകളും നടത്താന്‍ 20 ലക്ഷം രൂപ ഖജനാവില്‍ നിന്നും ചെലവഴിച്ച് കര്‍ണാടക സര്‍ക്കാര്‍ നടപടി വിവാദമാകുന്നു. കൃഷ്ണ, കാവേരി നദിക്കരകളില്‍ നടക്കുന്ന പ്രത്യേക പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമായി 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പന്തലുകള്‍ക്കും പൂജ സാമഗ്രികള്‍ക്കും, പ്രസാദത്തിനും പിന്നെ പൂജാരികളുടെ ചെലവുകളും എല്ലാമായാണ് ഇത്രയും തുക സര്‍ക്കാര്‍ അനുവദിച്ചത്.

രണ്ട് നദികളും കര്‍ണാടകയുടെ രണ്ട് കണ്ണുകളാണെന്നും സംസ്ഥാനത്തെ ആറുകോടി ജനങ്ങള്‍ ഈ നദികളെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും അതുകൊണ്ടാണ് പൂജയും പ്രാര്‍ത്ഥനയും നടത്താന്‍ സര്‍ക്കാര്‍ ഇവിടം തെരഞ്ഞെടുത്തതെന്നുമാണ് ജലവിഭവവകുപ്പ് മന്ത്രി എം ബി പട്ടേലിന്‍റെ വിശദീകരണം.

ഗംഗാ പൂജയ്‍ക്കും മറ്റും സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നുണ്ടെന്നും ഗോദാവരി പുഷ്കര്‍ണിക്കും നൂറുകോടിയൊക്കെ ചെലവഴിച്ചെന്നും അതൊന്നും ആരും ചോദ്യം ചെയ്യുന്നില്ലല്ലോയെന്നും പട്ടേല്‍ ചോദിക്കുന്നു.