ഷിമോഗ: രോഗം മൂലം എണീറ്റുനില്‍ക്കാനോ നടക്കാനോ സാധിക്കാത്ത ഭര്‍ത്താവിനെ സ്‍ട്രെച്ചര്‍ ലഭിക്കാത്തതിനാല്‍ ആശുപത്രിയുടെ തറയില്‍ക്കൂടി കാലില്‍പിടിച്ച് വലിച്ചുകൊണ്ടുപോകുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഷിമോഗയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

ഫാഹ്മിദ എന്ന സ്ത്രീക്കാണ് ഈ ഗതികേട്. ഭര്‍ത്താവ് അമിര്‍ സാബിനെ എക്സ്-റേ എടുക്കാന്‍ കൊണ്ടുപോകുന്നതിന് സ്ട്രെക്ചര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഭര്‍ത്താവിനെ താങ്ങിയെടുത്തുകൊണ്ടുപോകാനുള്ള ശേഷി ഫാഹ്മിദയ്‍ക്കും ഇല്ലായിരുന്നു. സഹായിക്കാനും ആരുമുണ്ടായിരുന്നില്ല.

ഒടുവില്‍ ഭര്‍ത്താവിന്റെ കാലില്‍ പിടിച്ച് വലിച്ചുകൊണ്ടുപോവുകയായിരുന്നു ഇവര്‍. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കാത്തതിനാല്‍ ചുമന്നും സ്‍കൂട്ടറിലും സ്‌ട്രെച്ചറിലുമൊക്കെ കൊണ്ടുപോകേണ്ടിവന്ന സംഭവങ്ങള്‍ക്കു പിന്നാലെയാണ് രാജ്യമനസാക്ഷിയെ ഈ ദൃശ്യങ്ങളും പിടിച്ചുലയ്‍ക്കുന്നത്.