117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സർക്കാരിന് ഇപ്പോഴുളളത്.
കർണ്ണാടകം: കർണാടകത്തിൽ കോൺഗ്രസ് ജെഡിഎസ് സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. 117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സർക്കാരിന് ഇപ്പോഴുളളത്. ഇന്നുതന്നെ സ്പീക്കർ തെരഞ്ഞെടുപ്പും നടക്കും.
ഒരാഴ്ചക്ക് ശേഷം വിധാൻ സൗധയിൽ വീണ്ടും മറ്റൊരു വിശ്വാസവോട്ടെടുപ്പിന്‍റെ ദിവസം. എന്നാല്‍ ഭൂരിപക്ഷമില്ലാത്ത യെദ്യൂരപ്പ സർക്കാർ സഭയിലെത്തിയപ്പോളുളള ആകാംക്ഷ ഇന്നില്ല. കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് കേവലഭൂരിപക്ഷത്തേക്കാൾ ആറ് അംഗങ്ങളുടെ പിന്തുണ അധികമുണ്ട്. 104 അംഗങ്ങളുളള ബിജെപി തത്കാലം എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എംഎൽഎമാർക്കിടയിൽ ഭിന്നസ്വരങ്ങളും പ്രകടമല്ല. അതുകൊണ്ടെല്ലാം വിശ്വാസം തേടുക എളുപ്പമായേക്കും കുമാരസ്വാമിക്ക്.
ഞങ്ങളുടെ എംഎൽഎമാർ വാങ്ങാനും വിൽക്കാനുമുളളവരല്ല. ഭൂരിപക്ഷമുണ്ടെന്നും സർക്കാരിനെ നയിക്കാൻ കഴിയുമെന്നും ഞങ്ങൾ തെളിയിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. സ്പീക്കർ സ്ഥാനത്തേക്ക് കോൺഗ്രസിൽ നിന്ന് കെ.ആർ. രമേഷ് കുമാറും ബിജെപിയിൽ നിന്ന് സുരേഷ് കുമാറും മത്സരിക്കുന്നുണ്ട്. പുതിയ സ്പീക്കറാവും വിശ്വാസവോട്ടെടുപ്പ് നടത്തുക. എംഎൽഎമാർ ബെംഗളൂരുവിലെ ഹോട്ടലുകളിലാണുളളത്. ബസുകളിൽ തന്നെ ഇവരെ ഇന്നും വിധാൻ സൗധയിലെത്തിക്കും. കനത്ത സുരക്ഷയാണ് വിധാൻ സൗധക്ക് ചുറ്റും. രണ്ട് കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
എന്നാല്‍ വിശ്വാസവോട്ട് നേടിയാലും കാര്യങ്ങൾ എളുപ്പമാവില്ല കുമാരസ്വാമിക്ക്. എംഎൽഎമാർ രാജിവച്ചാൽ ഗവർണർക്ക് ഇടപെടാം. അതാവും ബിജെപിയുടെ അടുത്ത നീക്കം. വിശ്വാസവോട്ട് നേടിയ ശേഷമാവും കോൺഗ്രസും ജെഡിഎസും മന്ത്രിമാരെ തീരുമാനിക്കുന്നതിലേക്ക് കടക്കുക. വകുപ്പ് വിഭജനമാവും കീറാമുട്ടി. പ്രധാനവകുപ്പുകളിൽ വിട്ടുവീഴ്ചക്ക് കോൺഗ്രസ് തയ്യാറാവുമെന്നാണ് സൂചന.
