കാവേരി നദിയില്‍ നിന്നുള്ള വെള്ളം ക‍ര്‍ണാടകത്തിലെ കുടിവെള്ള ആവശ്യത്തിന് മാത്രമേ ഉപയോഗിക്കൂ എന്ന് പറയുന്ന പ്രമേയം ക‍ര്‍ണാടക നിയമസഭ പാസ്സാക്കി. ഇതോടെ കോടതി ഉത്തരവ് അനുസരിച്ച് തമിഴ്നാടിന് കര്‍ണാടകം വെള്ളം നല്‍കില്ലെന്ന് ഉറപ്പായി. അതേസമയം കൂടുതല്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു.

സുപ്രീം കോടതി ഉത്തരവിനെ കുറിച്ചോ തമിഴ്നാടിനെ കുറിച്ചോ പരാമര്‍ശിക്കാതെയുള്ള പ്രമേയമാണ് കര്‍ണാടക വിധാന്‍ സഭയും വിധാന്‍ പരിഷത്തും ഐക്യകണ്ഠേന പാസാക്കിയത്. സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലാണെന്നും കാവേരിയിലുള്ള നാല് അണക്കെട്ടുകളിലും ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പറയുന്ന പ്രമേയം ബംഗളുരുവിനും കാവേരി നദിതട ജില്ലകള്‍ക്കും കുടിവെള്ള ആവശ്യത്തിന് മാത്രമെ കാവേരിയില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കൂ എന്നും വ്യക്തമാക്കുന്നു. ഇതോടെ കെആര്‍എസ് അണക്കെട്ടില്‍ നിന്നു തമിഴ്നാടിന് അടുത്ത ചൊവ്വാഴ്ച വരെ കര്‍ണാടകം വെള്ളം വിട്ടുനല്‍കില്ലെന്ന് ഉറപ്പായി. ഇതിനിടെ കാവേരി മേല്‍നോട്ട സമിതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച തമിഴ്നാട് പതിനേഴ് ദശാംശം അഞ്ച് ടിഎംസി വെള്ളം കൂടി കാവേരിയില്‍ നിന്ന് വേണമെന്ന് ആവശ്യപ്പെട്ടു.ഹ‍ര്‍ജി പരിഗണിക്കുമ്പോള്‍, നേരത്തെ ആവശ്യപ്പെട്ടതനുസരിച്ച് വെള്ളം വിട്ടുനല്‍കാന്‍ കര്‍‍ണാടകത്തോട് കോടതി വീണ്ടും ആവശ്യപ്പെടും. പ്രമേയം സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്നും നദീ തര്‍ക്കങ്ങളില്‍ തെറ്റായ കീഴ്വഴക്കം സൃഷ്‌ടിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ഇത് മറികടക്കാമെന്നാണ് കര്‍ണാടക സ‍ര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയെങ്കിലും സിദ്ധരാമയ്യ സര്‍ക്കാരിന് തലവേദന കുറയില്ല. കൃഷി ആവശ്യത്തിനായുള്ള വെള്ളം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍‍ക്കാരിനെതിരെ മാണ്ഡ്യ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പാണ്.