സഖ്യമില്ലാതെയാണ് കോൺഗ്രസും ജെഡിഎസും തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ഭൂരിപക്ഷം കിട്ടാത്ത ഇടങ്ങളിൽ സഖ്യമുണ്ടാക്കാൻ ധാരണയായിട്ടുണ്ട്

ബംഗളൂരു: കർണാടകത്തിലെ 102 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. സഖ്യമില്ലാതെയാണ് കോൺഗ്രസും ജെഡിഎസും തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ഭൂരിപക്ഷം കിട്ടാത്ത ഇടങ്ങളിൽ സഖ്യമുണ്ടാക്കാൻ ധാരണയായിട്ടുണ്ട്.

നേരത്തെ ദൾ-ബിജെപി സഖ്യം ഭരിച്ച മൈസൂരു നഗരസഭയിലെയും പ്രധാന നഗരസഭകളായ ശിവമൊഗ,തുമകൂരു എന്നിവിടങ്ങളിലെയും ഫലം ശ്രദ്ധേയമാകുക. കര്‍ണാടകയില്‍ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ബിജെപി നടത്തുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും തന്ത്രത്തിന് മുന്നില്‍ പാളിപ്പോയത് യെദ്യൂരപ്പയ്ക്കും സംഘത്തിനും ഏല്‍പ്പിച്ച ആഘാതം ചെറുതല്ല.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ബിജെപിക്ക് കര്‍ണാടകയില്‍ ഏറെ പ്രതീക്ഷയാണുള്ളത്. 102 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ അത് കൊണ്ട് നിസാരമായി തള്ളി കളയാനും അവര്‍ തയാറായിട്ടില്ലായിരുന്നു. ഒപ്പം തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സഖ്യമുണ്ടാക്കി അധികാരത്തിലെത്തിയ കോണ്‍ഗ്രസിനും ജെഡിഎസിനും അതി നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം.