ദില്ലി: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് കര്‍ണാടക മന്ത്രി ഡികെ ശിവകുമാര്‍. സംസ്ഥാന ഊര്‍ജ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവകുമാര്‍ ബല്‍ഗാമിലെ കോളജില്‍ കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഷുഭിതനായ മന്ത്രി വിദ്യാര്‍ത്ഥിയുടെ കൈയില്‍ ആഞ്ഞടിച്ച് ഫോണ്‍ തെറിപ്പിക്കുന്ന എഎന്‍ഐയുടെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തുടര്‍ന്ന് ശാന്തനായി മാധ്യമങ്ങളോട് മന്ത്രി സംസാരിക്കുയും ചെയ്തു.
സംഭവം വാര്‍ത്തയായതോടെ വിശദീകരണവുമായി മന്ത്രി തന്നെ നേരിട്ടെത്തി. ഇതൊരു സാധാരണ സംഭവമാണെന്നാണ് വിവാദങ്ങള്‍ക്ക് നേരെ മന്ത്രി പ്രതികരിച്ചത്. മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിനിടെ എങ്ങനെയാണ് അയാള്‍ക്ക് സെല്‍ഫി എടുക്കാന്‍ സാധിക്കുക സാമാന്യ ബോധം ഉണ്ടോയെന്നും മന്ത്രി ചോദിച്ചു.
#WATCH Karnataka Min DK Shivkumar hits a man who was taking a selfie during a child rights event at a college in Belgaum (Mobile Video) pic.twitter.com/Sc2jMyK08a
— ANI (@ANI) November 20, 2017
കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് നടന്നപ്പോഴും മന്ത്രി ഡികെ ശിവകുമാര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അനധികൃത സ്വത്ത് സംബന്ധിച്ച പരാതിയിലാണ് റെയ്ഡ് എന്ന് ആദായ നികുതി വകുപ്പ് അന്ന് പറഞ്ഞത്.
