ബംഗലൂരു :തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ മന്ത്രി തല്ലി. കര്‍ണ്ണാടകയിലെ ഊര്‍ജ്ജമന്ത്രി ഡി കെ ശിവകുമാറാണ് തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലി വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.
ബല്ലാരി ജില്ലയിലെ ഹൊസപ്പേട്ട ഗ്രാമത്തിലായിരുന്നു സംഭവം. കര്‍ണ്ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഫെബ്രുവരി 10 ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹൊസപ്പേട്ടയിലെത്തുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട സ്റ്റേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റു സജ്ജീകരണങ്ങളും വിലയിരുത്താന്‍ വേണ്ടിയായിരുന്നു ഡി കെ ശിവകുമാര്‍ ഹൊസപ്പേട്ടയിലെ വേദിക്കരികില്‍ എത്തിയത്. എന്നാല്‍ ഇവിടെ തന്നെ കാണുവാനായി പ്രവര്‍ത്തകര്‍ തടിച്ച് കൂടിയത് കണ്ട് മന്ത്രി പ്രകോപിതനായി.
ജനക്കൂട്ടത്തിനിടയിലൂടെ സ്ഥലത്തെ സജ്ജീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനിടെയാണ് ഒരു പ്രവര്‍ത്തകന്‍ മന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാന്‍ തുനിഞ്ഞത്. ഇത് മന്ത്രിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.രോക്ഷാകുലനായ അദ്ദേഹം സെല്‍ഫിയെടുക്കാന്‍ വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയ്യില്‍ തല്ലുകയും ഫോണ്‍ തട്ടി മാറ്റുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നവംബറിലും ഡി കെ ശിവകുമാര്‍ സമാനമായ വിവാദത്തില്‍ അകപ്പെട്ടിരുന്നു. കര്‍ണ്ണാടകയിലെ ബലഗാവിയില്‍ ഒരു ഹോമിയോപ്പതി കോളജില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിയെ സമാന രീതിയില്‍ തല്ലിയായിരുന്നു അന്ന് ഇദ്ദേഹം വിവാദങ്ങളില്‍ ഇടം പിടിച്ചത്.
