മക്കള്‍ രാഷ്‌ട്രീയം വേണ്ടെന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം കര്‍ക്കശ നിലപാടെടുത്തതാണ് യെദ്യൂരപ്പ വിജേന്ദ്രയുടെ വഴിയടച്ചതെന്നാണ് സൂചന

ബംഗളുരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിമാനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്നവസാനിക്കിരിക്കെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മകന്റെയും മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി. ബാദാമിയില്‍ റെഡ്ഢി സഹോദരങ്ങളുടെ അടുപ്പക്കാരനായ ബി ശ്രീരാമലു എം.പി, സിദ്ധരാമയ്യക്കെതിരെ മത്സരിച്ചേക്കും.

മുഖ്യമന്ത്രിയുടെ സിറ്റിങ് മണ്ഡലമായ വരുണയില്‍ കഴിഞ്ഞ ഒരു മാസക്കാലമായി പ്രചാരണത്തിലായിരുന്നു ബി.വൈ വിജയേന്ദ്ര. മകന്‍ യതീന്ദ്രയെ സിദ്ധരാമയ്യ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ വിജേന്ദ്രയെ യെദ്യൂരപ്പയും കളത്തിലിറക്കി. എന്നാല്‍ അണികളെ ഞെട്ടിച്ച് യെദ്യൂരപ്പ, മകന്‍ മത്സരിക്കില്ലെന്ന തീരുമാനം പ്രഖ്യാപിച്ചു. നിരാശരായ പ്രവര്‍ത്തകര്‍ യോഗം അലങ്കോലമാക്കി. കസേരകള്‍ എറിഞ്ഞുടച്ചു. വേദി തകര്‍ത്തു. വിജയേന്ദ്രയെ വഴിയില്‍ തടഞ്ഞു. എന്നാലിത് സ്വന്തം തീരുമാനമാണെന്ന് യെദ്യൂരപ്പ പിന്നീട് വാര്‍ത്താക്കുറിപ്പിറക്കി. 

മക്കള്‍ രാഷ്‌ട്രീയം വേണ്ടെന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം കര്‍ക്കശ നിലപാടെടുത്തതാണ് വിജേന്ദ്രയുടെ വഴിയടച്ചതെന്നാണ് സൂചന. സിദ്ധരാമയ്യയുടെ മുന്‍ അനുയായിയും ലിംഗായത്ത് നേതാവുമായ രേവണ്ണ സിദ്ധയ്യയെ വരുണയില്‍ ബി.ജെ.പി സ്ഥാനാത്ഥിയാക്കിയേക്കുമെന്നും സൂചനയുണ്ട്. സിദ്ധരാമയ്യയുടെ രണ്ടാം മണ്ഡലമായ ബദാമിയിലും ബി.ജെ.പി സസ്‍പെന്‍സ് തുടരുകയാണ്. റെഡ്ഡി സഹോദരങ്ങളുടെ അനുയായി ബി ശ്രീരാമലുവോ അതല്ല യെദ്യൂരപ്പ തന്നെയോ ബദാമിയില്‍ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. യെദ്യൂരപ്പ നിര്‍ദേശിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും സീറ്റ് നല്‍കിയ ബിജെപി നേതൃത്വം അദ്ദേഹത്തിന്റെ മകനെയും അടുത്ത അനുയായി ശോഭ കരന്തലജെയും ഒഴിവാക്കിയതാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിപ്പട്ടികയെ ഇത്തവണ ശ്രദ്ധേയമാക്കിയത്.