റായ്ച്ചൂര്‍ റൂറല്‍ എംഎല്‍എ ബസവന ഗൗഡയ്ക്ക് മന്ത്രിപദവിയും സ്വത്തില്‍ നൂറ് മടങ്ങ് വര്‍ധനയും റെഡ്ഡി വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ബംഗളൂരു: വിശ്വാസവോട്ടെടുപ്പില്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ തങ്ങളുടെ എംഎല്‍എയെ സ്വാധീനിക്കാന്‍ ജനാര്‍ദന്‍ റെഡ്ഡി ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. റായ്ച്ചൂര്‍ റൂറല്‍ എംഎല്‍എ ബസവന ഗൗഡയ്ക്ക് മന്ത്രിപദവിയും സ്വത്തില്‍ നൂറ് മടങ്ങ് വര്‍ധനയും റെഡ്ഡി വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ബിജെപിയുടെ കുതിരക്കച്ചവടത്തില്‍പ്പെടാതിരിക്കാന്‍ കോണ്‍ഗ്രസ് - ജെഡിഎസ് എംഎല്‍എമാരെ ഹൈദ്രാബാദിലെ റിസോട്ടിലേക്ക് നേരത്തെ മാറ്റിയിരുന്നു. എംഎല്‍എമാരുടെ താവളം മാറ്റുന്നതിനെ തടയിടാന്‍ ബിജെപി ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. എംഎല്‍എമാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ കേന്ദ്ര അധികാരത്തിന്റെ ബലത്തില്‍ ബിജെപി വ്യോമയാന മന്ത്രാലയത്തെ ഉപയോഗിച്ച് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബസിലാണ് എംഎല്‍എമാരെ ഹൈദ്രാബാദിലെത്തിച്ചത്. 

ഇതുകൂടാതെ എല്ലാ എംഎല്‍എമാരുടെ ഫോണ്‍നമ്പറുകളും പ്രത്യേക ആപ്പ് വഴിയും ബന്ധിപ്പിച്ചിരുന്നു. ഈ ആപ്പുപയോഗിച്ചാല്‍ ഫോണിലേക്ക് വരുന്ന എല്ലാ ഫോണ്‍ വിളികളും ടെക്‌സ്റ്റ് മെസേജുകളും ആപ്പില്‍ സുരക്ഷിതമായി സൂക്ഷിക്കും.