ബംഗളൂരു: കൊടുംവരള്‍ച്ച ചെറുക്കാന്‍ കൃത്രിമ മഴ പരീക്ഷണവുമായി വീണ്ടും കര്‍ണാടകം. 35 കോടി ചെലവില്‍ ക്ലൗഡ് സീഡിങ് വഴി മഴ പെയ്യിക്കാനുളള പദ്ധതിക്ക് ബെംഗളൂരുവില്‍ തുടക്കമായി. പ്രധാന നദികളുടെ വൃഷ്‌ടിപ്രദേശങ്ങളില്‍ അടുത്ത രണ്ട് മാസം മഴ പെയ്യിക്കാനാണ് ലക്ഷ്യം.
മഴയ്‌ക്ക് വേണ്ടിയുളള കര്‍ണാടകത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ പേറിയാണ് ജക്കൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ട് ബിക്യൂ 100 വിമാനം പറന്നുയര്‍ന്നത്. മൂന്ന് വര്‍ഷമായി തുടരുന്ന കൊടുംവരള്‍ച്ച സഹിക്കാവുന്നതിലും അപ്പുറമാകുന്നു. ഇക്കൊല്ലം കാലവര്‍ഷത്തില്‍ 26 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതാണ് മുമ്പ് പരാജയപ്പെട്ട ക്ലൗഡ് സീഡിങ് പരീക്ഷണം കോടികള്‍ മുടക്കി വീണ്ടും നടത്താനുളള തീരുമാനം കര്‍ണാടക സര്‍ക്കാര്‍ എടുത്തതിന് പിന്നില്‍.
കാവേരി, തുംഗഭദ്ര നദികളിലെല്ലാം ജലനിരപ്പ് താഴെയാണ്. കൃത്രിമ മഴ പെയ്യിച്ച് ഈ നദികളില്‍ ജലനിരപ്പ് ഉയര്‍ത്തുകയാണ് ലക്ഷ്യം.അമേരിക്കയില്‍ നിന്നാണ് പ്രത്യേക വിമാനം എത്തിയത്. കാര്‍മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്താനുളള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ക്ലൗഡ് സീഡിങ്.സോഡിയം അയഡൈഡ്,പൊട്ടാസ്യം ക്ലോറൈഡ്,സോഡിയം ക്ലോറൈഡ് എന്നിവയടങ്ങിയതാണ് രാസമിശ്രിതം.
ഒരു മണിക്കൂര്‍ ആകാശത്ത് പറന്ന് ഇത് മേഘങ്ങളില്‍ തളിച്ചു.60 ദിവസം 300 മണിക്കൂര്‍ ഇങ്ങനെ ക്ലൗഡ് സീഡിങ് നടത്തും. മുമ്പ് രണ്ട് തവണ നടത്തിയതുപോലെ വന്‍ പരാജയമാകുമോ അതോ മഴ പെയ്യുമോ എന്ന് വരും ദിവസങ്ങളില്‍അറിയാം.കര്‍ണാടകത്തിന് പുറമേ തമിഴ്നാടും ആന്ധ്രയും ഈ പരീക്ഷണം നടത്തിയപ്പോഴെല്ലാം നിരാശയായിരുന്നു ഫലം.
