ബംഗളൂരു: കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളും. ജൂണ്‍ 20 വരെയുള്ള വായ്പകളാണ് എഴുതി തള്ളുന്നത്. കാർഷിക വായ്പ എഴുതി തള്ളുന്നതിനായി 8,165 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. നിയമസഭയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം സിദ്ധരാമയ്യ നടത്തിയത്. മുഖ്യ പ്രതിപക്ഷമായ ബിജെപി സർക്കാർ നടപടിയെ അനുകൂലിച്ചു.
വായ്പകൾ എഴുതി തള്ളുന്നതുമൂലം 22 ലക്ഷം കർഷകർക്കാണു പ്രയോജനം ലഭിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി വലിയ വരൾച്ചയാണ് കർണാടകത്തിൽ അനുഭവപ്പെടുന്നത്. അതിനാൽ കർഷകർക്കു വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചിരുന്നില്ല. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ കാർഷിക കടങ്ങൾ എഴുതി തള്ളിയിരുന്നു.
