രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി കിരണ്‍ മഹേശ്വരിക്കെതിരെ ഭീഷണിയുമായി കര്‍ണിസേന രം​ഗത്ത് കര്‍ണിസേനയെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി

ജയ്പൂര്‍: രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി കിരണ്‍ മഹേശ്വരിക്കെതിരെ ഭീഷണിയുമായി കര്‍ണിസേന രം​ഗത്ത്. മന്ത്രിയുടെ മൂക്കും ചെവിയും അരിയുമെന്നാണ് ഭീഷണി. തിങ്കളാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി നടത്തിയ പരാമര്‍ശമാണ് സംഘടനയെ ചൊടിപ്പിച്ചത്.

അടുത്ത് തന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ബി.ജെ.പിക്കെതിരെ സര്‍വ് രജ്പുത് സമാജ് സംഘര്‍ഷ് സമിതി എന്ന സംഘടന രംഗത്തെത്തിയത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'മഴക്കാലത്ത് മാളത്തില്‍ നിന്ന് പുറത്തിറങ്ങുന്ന എലികളെപ്പോലെയാണ് തെരഞ്ഞെടുപ്പുകാലത്ത് പൊന്തിവരുന്ന ഇത്തരം സംഘടനകള്‍' എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സംഘടന രംഗത്തെത്തുകയായിരുന്നു. മന്ത്രി തങ്ങളെ അപമാനിച്ചുവെന്നും മാപ്പ് പറഞ്ഞേ തീരൂവെന്നുമാണ് കര്‍ണിസേനയുടെ ആവശ്യം. പത്മാവത് സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ നടി ദീപിക പദുക്കോണിനുണ്ടായ അനുഭവം മന്ത്രി ഓര്‍ക്കണമെന്നും സംഘടന പറയുന്നു.

രജപുത് സംഘടനയുടെ സഹായത്തോടെയാണ് രാജസ്ഥാനില്‍ ബി.ജെ.പി ശക്തിയാര്‍ജ്ജിച്ചത്. ഇപ്പറഞ്ഞ എലികളുടെ സഹായത്തോടെയാണ് മഹേശ്വരി ഇവിടെ വിജയിച്ചത്. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ അവരെ പാഠം പഠിപ്പിക്കും. മന്ത്രിയുടെ മണ്ഡലത്തിലെ 40,000 പേരും രജപുത് വിഭാഗത്തില്‍പ്പെട്ടവരാണെന്നും അത് കൊണ്ട് എത്രയും പെട്ടെന്ന് മന്ത്രി മാപ്പ് പറയണമെന്നുമാണ് കര്‍ണിസേന സംസ്ഥാന അധ്യക്ഷന്‍ മഹിപാല്‍ മക്രാന ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രസ്താവന ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ കര്‍ണിസേനയെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി കിരണ്‍ മഹേശ്വരി വിശദീകരിച്ചു. സംഭവത്തിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് അപലപിച്ചു.