കര്‍ണ്ണാടകയില്‍ റാഗിങ്ങിന് മലയാളി ഇരയായ കേസിലെ പ്രതികള്‍ക്ക് എതിരെ ദളിത് പീഡനത്തിനും കേസ്സെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് രണ്ട് പ്രതികള്‍ക്കെതിരെ എസ് സി എസ്ടി ആക്ട് പ്രകാരം കേസ്സെടുത്തത്. സംഭവം നടന്നത് കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയിലായതിനാല്‍ തുടര്‍നടപടി കേരള പൊലീസിന് എടുക്കാനാവില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് എസ്എസി എസ്ടി ആക്ട് പ്രകാരം പ്രതികളായ കൊല്ലം സ്വദേശി ലക്ഷമി, ഇടുക്കി സ്വദേശി ആതിര എന്നിവര്‍ക്കെതിരെ കേസ്സെടുത്തത്. ഇവര്‍ക്കെതിരെ വധശ്രമം റാഗിംഗ് എന്നിവയ്ക്കും കേസുണ്ട്. മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ട് ഗുല്‍ബര്‍ഗയിലെ റാസ പൊലീസിന് പ്രത്യേക ദൂതന്‍ വഴി എത്തിച്ചു. തുടര്‍നടപടികള്‍ക്കായി വനിത ഡിവൈഎസ്പിയുടെ നേതൃത്ത്വത്തില്‍ കര്‍ണ്ണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഉടന്‍ കോഴിക്കോട് എത്തും.

സംഭവം നടന്നത് കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ ആയതിനാല്‍ കേസിലെ തുടര്‍ നടപടി സ്വീകരിക്കേണ്ടത് കര്‍ണ്ണാടക പൊലീസാണ്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും കര്‍ണ്ണാടക പൊലീസ് അന്വേഷിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ പുതിയ പ്രഥമ റിപ്പോര്‍ട്ട് കര്‍ണ്ണാടകയില്‍ രജിസ്റ്റര്‍ ചെയ്യും.

ഇക്കഴിഞ്ഞ മെയ് ഒമ്പതിനാണ് മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഒന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഗുല്‍ബര്‍ഗയിലെ അല്‍ ഖമാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ്ങില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായത്.