150ലധികം തസ്തികകളുളള കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് മൂന്ന് രീതിയിലാണ് തിരഞ്ഞെടുപ്പ്. ഇതില്‍ നേരിട്ടുളള നിയമനത്തില്‍ മാത്രമെ സംവരണമുളളൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം ഒന്നിലും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം രണ്ടിലും സംവരണം നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സംവരണ തത്വങ്ങള്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് സംവരണ വിഭാഗങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തും. വനിതാ മതിലിന് ശേഷം എതിര്‍പ്പ് പരസ്യമാക്കാനാണ് ഭരണാനുകൂല സംഘടനകളുടെ തീരുമാനം.

150ലധികം തസ്തികകളുളള കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് മൂന്ന് രീതിയിലാണ് തിരഞ്ഞെടുപ്പ്. ഇതില്‍ നേരിട്ടുളള നിയമനത്തില്‍ മാത്രമെ സംവരണമുളളൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം ഒന്നിലും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം രണ്ടിലും സംവരണം നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തുവരാനിരിക്കെയാണ് വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഐഎഎസ് ലഭിക്കാനുളള സാഹചര്യം സര്‍ക്കാര്‍ ഇല്ലാതാക്കുന്നുവെന്നാണ് വിമര്‍ശനം.

തസ്തിക മാറ്റം വഴി തിരഞ്ഞെടുക്കപ്പെടുന്നവരില്‍ സംവരണ വിഭാഗക്കാര്‍ ഇല്ലെങ്കില്‍ അവര്‍ക്കായി സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഈ നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് ഭരണകക്ഷിയിലെ ദളിത് ജനപ്രതിനിധികള്‍ തന്നെ പറയുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു മാത്രമെ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിന്‍റെ ആനുകൂല്യം കിട്ടൂ. മാത്രമല്ല സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് വഴി നിയമനം ലഭിക്കുന്നവര്‍ക്ക് പ്രമോഷന്‍ സാധ്യത കുറവായിരിക്കുമെന്നും പരാതിയുണ്ട്. നേരത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്ര കമ്മീഷന്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച വേണ്ടെന്നു വയ്ക്കുകയായിരുന്നു.