കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ ഔദ്യോഗിക ഇന്റര്‍നെറ്റ് റേഡിയോ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ താരമായി ഒരു നാട്ടുംപുറത്തുകാരന്‍. കരിന്തളം വേട്ടറാടിയിലെ രാമചന്ദ്രന്‍ എന്ന 37 കാരനാണ് കാസര്‍കോട് നിന്ന് പ്രക്ഷേപണം തുടങ്ങിയ തേജസ്വിനിയുടെ അവതാരകന്‍.

രാമചന്ദ്രന്‍ റേഡിയോയില്‍ പറയുന്ന കാര്യങ്ങളായിരിക്കും കാസര്‍കോടിന്റെ അറിയിപ്പായി പുറത്തു വരിക. സ്‌കൂളില്‍ പഠിക്കുന്ന കാലത്തു നാട്ടിലെ പ്രശ്‌നങ്ങള്‍ ആകാശ വാണിയിലേക്കു എഴുതി അവയ്ക്കു പരിഹാരം കണ്ടെത്താന്‍ രാമചന്ദ്രന്‍ സമയം കണ്ടെത്തിയിരുന്നു. കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളിലിലെ ജീവനക്കാരന്‍ കൂടിയായ രാമചന്ദ്രന്‍ റേഡിയോയുമായുള്ള ബന്ധം തുടങ്ങിയിട്ട് 20 വര്‍ഷമായി. നാട്ടിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ പാരിഹരിക്കുന്നതിനുവേണ്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രാമചന്ദ്രന്‍ ആദ്യമായി ആകാശവാണിക്കു കത്തെഴുതിയത്. പിന്നീട് അങ്ങോട്ട് ആകാശവാണിയുടെ 'കണ്ടതും കേട്ടതും', 'വയലും വീടും', നാടകം എന്നിവയിലൂടെ കാസര്‍കോട് വേട്ടറാടി എന്ന ഗ്രാമത്തിന്റെ കഥ പുറം ലോകത്തെത്തിച്ച രാമചന്ദ്രനെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ മധു സൂധനനാണ് തേജസ്വിനി റേഡിയോയിലേക്ക് ക്ഷണിക്കുന്നത്. 

രാമചന്ദ്രന്റെ റേഡിയോയിലെ മുന്‍ പരിചയവും കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവും മുന്‍നിര്‍ത്തിയായിരുന്നു ഇത്. കളക്ടറുടെ മുന്‍പാകെ നടത്തിയ ശബ്ദ പരിശോധനയില്‍ രാമചന്ദ്രന്‍ വിജയിച്ചതോടെയാണ് സംസ്ഥാനത്തെ ആദ്യത്തെ ഔദ്യോഗിക റേഡിയോയില്‍ നാട്ടിന്‍ പുറം കാരനായ രാമചന്ദ്രന്‍ അവതാരകനായി എത്തിയത്. രാമചന്ദ്രനെ കൂടാതെ ഇരുപത്തിഅഞ്ചോളം പേരാണ് തേജസിനി റേഡിയോയില്‍ ഉള്ളത്.