കാസര്‍കോട്ടെ മദ്രസ അദ്ധ്യാപകൻ റിയാസിന്‍റെ കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങി.ഇതിനിടെ അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയില്‍ പരേഡ് നാളെ കണ്ണൂര്‍ ജയിലില്‍ നടത്തും.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അറസ്റ്റിലായ മൂന്ന് പേര്‍തന്നെയാണെങ്കിലും ആസൂത്രണമുണ്ടോ, സഹായം ചെയ്തവരുണ്ടോ, ആരെങ്കിലും പ്രേരണയായിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം തുടങ്ങിയിട്ടുള്ളത്. കാസര്‍കോഡ് നേരത്തെ കൊല്ലപെട്ട ബി ജെ പി നേതാവ് അഡ്വ സുഹാസിന്‍റെ സ്മരണാര്‍ത്ഥം നടത്തിയ കബഡി ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഈ പ്രസംഗത്തിലെ പ്രകോപനം കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്ന് മുസ്ലീം ലീഗ് അടക്കമുള്ള വിവിധ സംഘടനകള്‍ പ്രത്യേക അന്വേഷണസംഘത്തിന് പരാതിയായി നല്‍കിയിരുന്നു.
പ്രതികളുടെ തിരിച്ചറിയില്‍ പരേഡിനുള്ള അപേക്ഷ അന്വേഷണസംഘം കാസര്‍കോഡ് കോടതില്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.നാളെ കണ്ണൂര്‍ ജയിലിലായിരിക്കും തിരിച്ചറിയല്‍ പരേഡ് നടക്കുക. റിയാസിന്‍റെ കിടപ്പുമുറിയോട് ചേര്‍ന്ന് താമസിച്ചിരുന്ന അബ്ദുള്‍ അസീസ് മൗലവിയാണ് കൊലപാതകത്തിലെ ദൃക്സാക്ഷി.
