കാസര്‍കോഡ്: കാസര്‍കോഡ് വ്യാപാരിയെ കടയില്‍ കയറിവെട്ടിക്കൊന്ന കേസിലെ പ്രതികളെ പിടികൂടി. കര്‍ണാടകത്തിലെ ഒളിത്താവളത്തില്‍ നിന്നാണ് പൊലീസ് നാലംഗ സംഘത്തെ പിടികൂടിയത്. മോഷണക്കേസില്‍ സാക്ഷി പറഞ്ഞതിലുള്ള പ്രതികാരമായാണ് വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ നാലിനാണ് പെര്‍മുദെ മണ്ടക്കാപ്പിലെ ജികെ ജനറല്‍ സ്‌റ്റോറുടമ രാമകൃഷ്ണമൂല്യയെ നാലംഗ സംഘം കടയില്‍ കയറി വെട്ടിക്കൊന്നത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതികളെ പിടികൂടിയത്. മുഖ്യപ്രതി ചെങ്കള എടനീര്‍ സ്വദേശി ഉമ്മര്‍ ഫാറൂഖ്, കൂട്ടുപ്തികളായ പൊവ്വല്‍ സ്വദേശി നൗഷാദ് ശൈഖ്, ബോവിക്കാനം സ്വദേശി അബ്ദുള്‍ ആരിഫ്, ചെങ്കള സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. 

ഉമ്മര്‍ ഫാറൂഖ് കഴിഞ്ഞ മാസം മുഗു സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഭണ്ഡാരമോഷണത്തിനിടെ നാട്ടുകാരുടെ പിടിയിലായിരുന്നു. ഈ കേസില്‍ സാക്ഷി പറഞ്ഞതിന്റെ പ്രതികാരമായാണ് രാമകൃഷ്ണമൂല്യയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം കര്‍ണാടകയിലേക്ക് കടന്ന പ്രതികള്‍ ചിക്ക്മംഗളൂര്‍, ഹൂബ്ലി, ഹൈദരബാദ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞമാസമാണ് പ്രതികള്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. നേരത്തെ നാലുതവണ കൊലനടത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ. ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.