പ്രതിയുടെ മുടിയുടെയും രക്തത്തിന്റെയും സാമ്പിൽ എടുക്കുന്നതിനും മറ്റു തെളിവുകൾ ശേഖരിക്കുന്നതിനുമാണ് 7 ദിവസത്തെ കസ്റ്റഡി അനുവദിച്ചത്

കാസര്‍ഗോഡ്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി പീതാംബരനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കിയത്. വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കസ്റ്റഡി ആവശ്യം എതിര്‍ത്തില്ല. പ്രതിയുടെ മുടിയുടെയും രക്തത്തിന്റെയും സാമ്പിൽ എടുക്കുന്നതിനും മറ്റു തെളിവുകൾ ശേഖരിക്കുന്നതിനുമാണ് 7 ദിവസ കസ്റ്റഡി അനുവദിച്ചത്.

നിരവധി പരിക്കുകൾ കൊല്ലപ്പെട്ടവരിൽ കാണുന്നുണ്ട്. അതു കൊണ്ട് വിശദമായ അന്വേഷണം വേണം. മറ്റുള്ളവരുടെ പങ്ക് പരിശോധിക്കാൻ കസ്റ്റഡി ആവശ്യമാണ്. പ്രതിക്ക് യാതൊരു മാനസിക ശാരിരികമോ ആയ ബുദ്ധിമുട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. 
സാമൂഹ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഓരോ 48 മണിക്കൂറിലും പ്രതിക്ക് വൈദ്യ പരിശോധന ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.