
കാസര്‍കോട്: ഓഖി ചുഴലിക്കൊടുംകാറ്റില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലയായ കാസര്‍കോടും കടല്‍ പ്രക്ഷുദ്ധമായി. നീലേശ്വരം അഴിത്തലയില്‍ ബോട്ട് മുങ്ങി ഒരാള്‍ കടലില്‍ അകപ്പെട്ടതായി വിവരം. അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേരെ കോസ്റ്റല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. പുതിയ വളപ്പ് കടപ്പുറത്തെ മല്‍സ്യ തൊഴിലാളി സുനില്‍ (40) ആണ് അപകടത്തില്‍പ്പെട്ടതായി വിവരം ലഭിച്ചത്.
അപകടത്തില്‍പ്പെട്ട ബോട്ട് തകര്‍ന്ന് ഇയാള്‍ കടലില്‍ വീഴുകയായിരുന്നു. സുനിലിനോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശാന്തമായിരുന്ന കടല്‍ പെട്ടെന്ന് പ്രക്ഷുദ്ധമാവുകയായിരുന്നു. ജില്ലാകളക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. കാണാതായ സുനിലിനുവേണ്ടി തിരച്ചില്‍ നടത്തി വരികയാണ്. തീരദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
