Asianet News MalayalamAsianet News Malayalam

വീണ്ടും "ട്രാഫിക് സിനിമ ദൗത്യം"; തിരുവന്തപുരത്തുനിന്ന് പിഞ്ചുകുഞ്ഞിനെ വെല്ലൂർ എത്തിച്ചത് എട്ടേകാൽ മണിക്കൂര്‍ കൊണ്ട്

kasargode girl pournami hospitalized at trivandrum
Author
First Published Nov 29, 2017, 10:22 AM IST

തിരുവനന്തപുരം: കുരുന്നുജീവനുവേണ്ടി സുമനസുകൾ കൈകോർത്ത വഴിയിൽ ആ ആംബുലൻസ്​ ഇടതടവുകളൊന്നുമില്ലാതെ ലക്ഷ്യസ്​ഥാനത്തേക്ക്​ കുതിച്ചു.  തിരുവന്തപുരം- വെല്ലൂർ റൂട്ടിലാണ്​ ട്രാഫിക്ക് സിനിമയെ അനുസ്മരിക്കുന്ന നിമിഷങ്ങൾ അരങ്ങേറിയത്​. അതീവ ഗുരുതരമായി കഴിയുന്ന രണ്ടേകാൽ വയസുകാരി പൗർണമിയേയും കൊണ്ട് ആംബുലൻസ് 762 കിലോമീറ്റർ ഓടിയെത്തിയത് എ​ട്ടേകാൽ മണിക്കൂർ കൊണ്ട്. കാസർഗോഡ് സ്വദേശി 60 ദിവസം പ്രായമായ ഫാത്തിമ ലൈബയെ തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിച്ച ദൗത്യത്തിന് പിന്നാലെ വീണ്ടും കുരുന്നു ജീവനനുവേണ്ടി കൈകോർത്ത് ചൈൽഡ് പ്രൊട്ടക്റ്റ് ടീമും, കെ.എ.ഡി.ടി.എ എന്ന ആംബുലൻസ് ജീവനക്കാരുടെ സംഘടനയും.

റോഡ് നീളെ വഴിയൊരുക്കി കേരളാ പോലീസും തമിഴ്നാട് പോലീസും. സഹായം ആവശ്യപ്പെട്ട് 7.15നാണ് കെ.എ.ഡി.ടി.എ സംസ്ഥാന ഭാരവാഹി ജലീലിന് ഫോണ്‍ സന്ദേശം എത്തുന്നത്. ഉടൻ തന്നെ ജലീൽ ഇത് ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികൾക്ക് കൈമാറി. തുടര്‍ന്ന് സി.പി.ടി അംഗങ്ങൾ കേരളാ, തമിഴ്നാട് പോലീസുമായും തമിഴ്നാടുള്ള സി.പി.ടി പ്രവർത്തകരെയും ബന്ധപ്പെട്ടു. മലയാളത്തിലും തമിഴിലും ഇത് സംബന്ധിച്ചു മെസ്സേജുകളും വോയ്‌സ് സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒഴുകി.

സി.പി.ടി മിഷൻ വെല്ലൂർ എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴി തുടർന്നുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ചൊവ്വാഴ്ച്ച രാത്രി 7.50ഓടെയാണ് തിരുവനന്തപുരം ആർ.സി.സി.യിൽ നിന്ന് നെയ്യാറ്റിൻകര സദേശികളായ രതീഷ് രജനി ദമ്പതികളുടെ രണ്ടേകാൽ വയസുകാരി മകൾ പൗർണമിയുമായി ആംബുലൻസ് കുതിച്ചത്​. ഒപ്പം പൈലറ്റായി കേരളാ പോലീസ് വാഹനവും. ഗതാഗത കുരുക്ക് ഏറെയുണ്ടായിരുന്ന ബാലരാമപുരം, നെയ്യാറ്റിങ്കര മേഖലകളിൽ ചൈൽഡ് പ്രൊട്ടക്ട് ടീം, കെ.ആർ.എം.യു പ്രവർത്തകരും, പോലീസും നിമിഷ നേരംകൊണ്ടു ആംബുലൻസിനു വഴിയൊരുക്കി.

45 മിനിറ്റ് കൊണ്ട് ആ ജീവൻരക്ഷാ വാഹനം തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചു. അതിർത്തിക്കപ്പുറത്ത്​ തമിഴ്‌നാട് പോലീസ് ദൗത്യത്തിന്​ സഹായഹസ്​തം നീട്ടി. ഇടവിടാതെ തമിഴ്നാട് പോലീസും ആംബുലൻസിനു എസ്‌കോർട്ട് നൽകി. കൃത്യം രാവിലെ 6 മണിയോടെ ആംബുലൻസ് എട്ടു മണിക്കൂർ 20 മിനിറ്റ് കൊണ്ട് വെല്ലൂർ സി.എം.സി ആശുപത്രിയിൽ എത്തി. ഡോക്ടർമാരുടെ സംഘം കുഞ്ഞിനെ പരിശോധിച്ചു വരികയാണ്.

ആരോഗ്യ നില തീരെ മോശമായതിനെ തുടർന്ന് കുഞ്ഞിനെ ആർ.സി.സി.യിൽ നിന്ന് വെല്ലൂരിലേക്ക് അയക്കുകയായിരുന്നു. പത്തു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ എത്തിക്കാനായിരുന്നു ഡോക്ടർമാരുടെ നിർദേശം. മജ്ജ മാറ്റിവെച്ചാൽ മാത്രമേ കുഞ്ഞിന്‍റെ ജീവൻ നിലനിറുത്താൻ ആകുയെന്ന് ഡോക്ടർമാർ പറയുന്നു. തിരുവനന്തപുരം എസ്​.വൈ.എസ്​ സാന്ത്വനം  ആംബുലൻസിന്റെ  ഡ്രൈവർ നേമം സ്വദേശിയായ അൻഷാദ്,അബ്ദുൽ ഖയ്യ എന്നിവരുടെ സംഘമാണ് കുഞ്ഞുജീവനും കൊണ്ടു പാഞ്ഞത്.

 

Follow Us:
Download App:
  • android
  • ios