കാസര്‍കോഡ് കേളിഗുഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിധിന്‍, അഖില്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്നുപേരും ബിജെപിയുടെ സജീവ പ്രവര്‍ത്തകരാണ്. ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്തിലില്‍ സംഘര്‍ഷമുണ്ടാക്കിയതടക്കം വിവിധ അക്രമസംഭവങ്ങളില്‍ ഇവര്‍നേരത്ത ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഒരു കേസിലും പ്രതികളായിട്ടില്ല.

പ്രതികളെ കാസര്‍ഗോഡ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയാണ് റിമാന്‍റ് ചെയ്തത്. മദ്രസ അധ്യാപകനായ റിയാസിനോടുള്ള വര്‍ഗീയ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.

മൂന്നുപേര്‍ മാത്രമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളതെന്നും പിന്നില്‍ ആരെങ്കിലുമുണ്ടോ ഗൂഢാലോചനയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. റിമാന്‍റ് ചെയ്ത പ്രതികളെ കാഞ്ഞങ്ങാട് ജയിലിലേക്ക് മാറ്റി.