മുജാഹിദ്ദീന്‍ ഭീകരര്‍ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് രാജിയെന്നായിരുന്നു വാർത്ത. എന്നാൽ, രാജി സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  

ശ്രീനഗര്‍: ജമ്മു കശ്മീരിൽ പൊലീസുകാർ കൂട്ട രാജിക്കൊരുങ്ങുകയാണെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍. മുജാഹിദ്ദീന്‍ ഭീകരര്‍ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് രാജിയെന്നായിരുന്നു വാർത്ത. എന്നാൽ, രാജി സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വീടുകളില്‍ നിന്ന് തട്ടിക്കൊണ്ട് പോയാണ് ഭീകരര്‍ ഇവരെ വധിച്ചത്. ഇതിന് ശേഷം തീവ്രവാദികൾ വീടുകൾ കയറി രാജി വയ്ക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണങ്ങള്‍ നടന്നത്. ഇത് സംബന്ധിച്ച് ആറോളം പേരാണ് ലൈവ് വീഡിയോയിലൂടെ എത്തിയത്.

അതേസമയം, വീഡിയോയിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്നും, പൊലീസാണെന്ന പേരിൽ എത്തുന്നവർ യഥാർത്ഥത്തിൽ പൊലീസുകാരല്ലെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 'ജമ്മു കശ്മീരിൽ കുറച്ച് സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥർ കൂട്ടരാജി വച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ ഇടയായി. വാര്‍ത്തകള്‍ തെറ്റാണെന്നും ദുരുദ്ദേശത്തോട് കൂടി ആരൊക്കെയോ പ്രചരിപ്പിക്കുന്നതാണെന്നും ജമ്മു കശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം വ്യാജ റിപ്പോര്‍ട്ടുകള്‍ ചിലര്‍ കൃത്യമായ അജണ്ടയോടെ തയ്യാറാക്കപ്പെടുകയും പ്രചരിപ്പിക്കുകയുമാണ്. അതില്‍ വഞ്ചിതരാകരുതെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.