എ‍ഡിറ്റോറിയൽ ഇല്ലാതെ പതിനൊന്ന് പത്രങ്ങൾ കാശ്മീരിൽ മാധ്യമങ്ങളുടെ വ്യത്യസ്ത പ്രതിഷേധം
ശ്രീനഗർ: മുതിർന്ന മാധ്യമപ്രവർത്തകൻ ഷുജാത്ത് ബുഖാരിയുടെ മരണത്തിൽ എഡിറ്റോറിയൽ കോളങ്ങൾ ശൂന്യമാക്കി കാശ്മീരി പത്രങ്ങളുടെ പ്രതിഷേധം. ആദ്യമായിട്ടാണ് ദിനപത്രങ്ങൾ ഇത്തരമൊരു പ്രതിഷേധം നടത്തുന്നത്. റൈസിംഗ് കാശ്മീർ പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫായ ഷുജാത്ത് ബുഖാരിയും രണ്ട് അംഗരക്ഷകരും റംസാൻ ദിവസത്തിലാണ് തിവ്രവാദികളാൽ കൊല്ലപ്പെട്ടത്. ഏറ്റവും നിശ്ശബ്ദമായൊരു പ്രതിഷേധമായിട്ട് വേണം ഇതിനെ കരുതാൻ. പതിനൊന്ന് പത്രങ്ങളാണ് ഇത്തരത്തിൽ പുറത്തിറങ്ങിയത്. കാശ്മീർ റീഡർ, ഗ്രേറ്റർ കാശ്മീർ, കാശ്മീർ ടൈംസ്, കാശ്മീർ ഒബ്സർവ്വർ എന്നീ പത്രങ്ങൾക്കൊന്നും എഡിറ്റോറിയൽ ഉണ്ടായിരുന്നില്ല. ഒരു ദിവസം പത്രം അച്ചടിക്കാതെ പ്രതിഷേധിക്കാനും ചില മാധ്യമങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
ബുഖാരിയുടെ പത്രമായ റൈസിംഗ് കാശ്മീർ തങ്ങളുടെ ചീഫ് എഡിറ്ററെക്കുറിച്ച് മൂന്ന് വാർത്തകളുമായിട്ടാണ് പുറത്തെത്തിയത്. അവർക്കും എഡിറ്റോറിയൽ ഉണ്ടായിരുന്നില്ല. സ്ഥാപനത്തോട് വായനക്കാർ പ്രകടിപ്പിച്ച പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയുകയും ചെയ്തിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ ബുഖാരിയുടെ കൊലപാതകത്തിൽ അനുശോചനമറിയിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരെയുള്ള അക്രമം എന്നാണ് ഗിൽഡ് ദിനപത്രം കൊലപാതകത്തെ വിശേഷിപ്പിച്ചത്.
