കശ്‍മീര്‍ താഴ്വരില്‍ സംഘ‍ര്‍ഷത്തിന് അയവില്ല.പ്രതിഷേധക്കാരും സുരക്ഷാ ഭടന്‍മാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 23 ആയി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ഉന്നതതല യോഗം ചേര്‍ന്നു.800 സുരക്ഷാ ഭടന്‍മാരെ കൂടി കശ്‍മീരില്‍ വിന്യസിച്ചു.

ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലാംദിവസവും താഴ്വരയിലെ സാഹചര്യങ്ങള്‍ സംഘര്‍ഷഭരിതമാണ്. ഇതിനോടകം നാല് പൊലീസ് സ്റ്റേഷനുകളും നിരവധി സര്‍ക്കാര്‍ ആഫീസുകളും പ്രതിഷേധക്കാര്‍ തകര്‍ത്തു. കശ്‍മീരില്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടെ പാക്കിസ്ഥാനില്‍ നിന്നുമുള്ള പ്രകോപനവും വര്‍ദ്ധിക്കുകയാണ്. പാക് അധിനിവേശ കശ്‍മീരില്‍ ഭീകരസംഘടനയായ ജമാ അത്ത്ഉദ്വ തലവന്‍ ഹാഫിസ് സയ്യിദിന്‍റെ നേതൃത്വത്തില്‍ ബുര്‍ഹാന്‍ വാനിക്ക് വേണ്ടി പ്രാര്‍ത്ഥനായോഗം നടന്നു. ബുര്‍ഹാന്‍ വാനി തീവ്രവാദിയല്ല കശ്‍മീര്‍ നേതാവാണെന്നായിരുന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ പ്രസ്താവന. കശ്‍മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തില്‍ ദില്ലിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. സോണിയാഗാന്ധി, ജമ്മുകശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ളുള്ള എന്നിവരുമായും രാജ്നാഥ് സിംഗ് ഫോണില്‍ സംസാരിച്ചു. എണ്ണൂറ് സുരക്ഷാ ഭടന്‍മാരെ കൂടി കശ്‍മീരില്‍ വിന്യസിച്ചു.ശ്രീനഗറില്‍ ബിജെപി പിഡിപി നേതാക്കളും യോഗം ചേര്‍ന്നു. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിഘനവാദി സംഘടനകളോട് ആവശ്യപ്പെട്ടു.വിഘടനവാദി നേതാക്കളായ മിര്‍വ്വായിസ് ഉമര്‍ ഫാറൂഖ്,സയ്യിദ് അലിഷാ ഗീലാനി,യാസിന്‍ മാലിക്ക് എന്നിവര്‍ ഇപ്പോഴും കരുതല്‍ തടങ്കലിലാണ്.