Asianet News MalayalamAsianet News Malayalam

ഉത്തര്‍ പ്രദേശില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥി ഭീകരവാദ സംഘടനയിൽ ചേർന്നതായി സൂചന

ഒക്ടോബർ 28 മുതലാണ് സോഫിയെ കാണാതാവുന്നത്. ദില്ലിയിൽ പോകണമെന്ന് ആവശ്യപ്പെട്ട് സോഫി കോളേജിൽനിന്ന് അനുവാദം വാങ്ങിയിരുന്നു. പിന്നീട് ദിവസങ്ങൾ കഴിഞ്ഞിട്ടും സോഫിയെ തിരികെയെത്താത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 

Kashmiri Studen Joins Terror Group
Author
Noida, First Published Nov 3, 2018, 11:05 AM IST

നോയിഡ: ഉത്തർപ്രദേശിൽനിന്ന് കാണാതായ ശ്രീനഗർ സ്വദേശിയായ വിദ്യാർത്ഥി ഭീകരവാദ സംഘടനയിൽ ചേർന്നതായി റിപ്പോര്‍ട്ട്.  അഹ്തേഷാം ബിലാൽ സോഫി (17)യെയാണ് കാണാതായത്. ഗ്രേയ്റ്റർ നോയിഡയിലെ ശാരദ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു സോഫി. 

ഒക്ടോബർ 28 മുതലാണ് സോഫിയെ കാണാതാവുന്നത്. ദില്ലിയിൽ പോകണമെന്ന് ആവശ്യപ്പെട്ട് സോഫി കോളേജിൽനിന്ന് അനുവാദം വാങ്ങിയിരുന്നു. പിന്നീട് ദിവസങ്ങൾ കഴിഞ്ഞിട്ടും സോഫിയെ തിരികെയെത്താത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഗ്രേയ്റ്റർ നോയിഡയിലും ശ്രീനഗറിലും സോഫിയെ കാണാനില്ലെന്ന് കാണിച്ച് പരാതികൾ ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. 

എന്നാല്‍ ഭീകരവാദ സംഘടനയിൽ ചേർന്നെന്ന തരത്തിലുള്ള സോഫിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്. ഭീകരവാദ സംഘടനയായ ഐഎസ്ജെകെ (ഇസ്ലാമിക് സ്റ്റേറ്റ് ഒാഫ് ജമ്മു ആൻഡ് കശ്മീർ)യിൽ ചേർന്നെന്ന തരത്തിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കാണാതായ ദിവസം മുതലുള്ള സോഫിയുടെ പ്രവൃത്തികൾ നിരീക്ഷിച്ച് വരുകയാണെന്നും ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ പരിശോധിച്ച് വരുകയാണെന്നും ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന അറിയിച്ചു. 

കൂടാതെ കേസ് സംബന്ധിച്ച് ജമ്മു കശ്മീർ പൊലീസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നോയിഡയിൽനിന്നും കശ്മീരിലേക്കുള്ള സോഫിയുടെ യാത്രകൾ നിരീക്ഷിച്ചു വരുകയാണെന്നും ഇൻസ്പെക്ടർ ജനറൽ എ.ടി.എസ് അസിം അരുൺ വ്യക്തമാക്കി. സോഫിയുടെ മൊബൈൽ ഫോൺ ലൊക്കേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ഭീകരവിരുദ്ധ സേന വ്യക്തമാക്കി.
  
തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്ന തെക്കെ കശ്മീരിലെ പുൽവാമ ജില്ലയിലാണ് സോഫിയുടെ മൊബൈലിലെ അവസാനത്തെ ലോക്കേഷൻ കാണിക്കുന്നതെന്നാണ്ഗൗതം ബുദ്ധ നഗർ പൊലീസ് അറിയിച്ചു. കാണാതായ ദിവസം ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശ്രീനഗറിലേക്ക് പോയ സോഫി അവിടെനിന്നും നേരെ പോയത് പുൽവാമയിലേക്കാണെന്നാണ് പൊലീസിന്റെ നിഗമനം. ഫോണിൽനിന്നും പിതാവിനെയാണ് അവസാനമായി വിളിച്ചത്. പുൽവാമയിൽനിന്ന് വൈകിട്ട് നാലരയോടെയാണ് കോൾ പോയിരിക്കുന്നത്. ദില്ലിയിലാണ് ഉള്ളതെന്നും മെട്രോ വഴി കോളേജിലേക്ക് തിരിച്ച് പോകുകയാണെന്നുമാണ് സംഭാഷണമെന്നും പൊലീസ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios