886 സ്ക്വയർ കിലോ മീറ്റർ പ്രദേശമാണ് പുതിയ ശുപാർശ പ്രകാരം പരിസ്ഥിതി ലോല മേഖലയിൽ നിന്ന് കേരളം ഒഴിവാക്കിയത്.

തിരുവനന്തപുരം: കസ്തൂരി രംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല മേഖലയിൽ ഇളവ് ആവശ്യപ്പെട്ടുള്ള ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമ‍ർപ്പിച്ചു. 123 ഇസ്എ വില്ലേജുകളിൽ നിന്ന് 31 എണ്ണത്തെ ഒഴിവാക്കണമെന്നാണ് ആവശ്യം. ഉപഗ്രഹസഹായത്തോടെ തയ്യാറാക്കിയ പുതിയ മാപ്പും കേന്ദ്രത്തിന് കൈമാറി.

886 സ്ക്വയർ കിലോ മീറ്റർ പ്രദേശമാണ് പുതിയ ശുപാർശ പ്രകാരം പരിസ്ഥിതി ലോല മേഖലയിൽ നിന്ന് കേരളം ഒഴിവാക്കിയത്. 92 വില്ലേജുകളിലായി ഇനി സംസ്ഥാനത്തുള്ള പരിസ്ഥിതി ലോല പ്രദേശം 9,107 സ്ക്വയർ കിലോ മീറ്റർ മാത്രം. ഗ്രാമങ്ങളിൽ ചേർന്ന് കിടക്കുന്ന വനപ്രദേശങ്ങൾ മാത്രമാണ് പുതിയ ശുപാർശയിൽ ഇഎസ്എയിലുള്ളത്. ഒരു ഗ്രാമത്തെ ഒരു യൂണിറ്റായി പരിഗണിച്ച് ഇഎസ്എ കണക്കാക്കണമെന്നാണ് കേന്ദ്രസ‍ർക്കാർ നിലപാട്. ഇങ്ങിനെ വന്നാൽ കൂടുതൽ വില്ലേജുകൾ പട്ടികയിൽ ഉൾപ്പെടുമെന്നതിനാൽ കേരളം ഇതിനോട് വിയോജിച്ചു. പ്രതിസന്ധി മറികടക്കാനാണ് കേരളം പുതിയ ഉപഗ്രഹ മാപ്പിംഗ് നടത്തി പരിസ്ഥിതി ലോല മേഖല നിശ്ചയിച്ചത്. ഇതിൽ ഒഴിവാക്കിയതിൽ ഏറെയും ഏലമലക്കാടുകളും വനേതര ഇഎസ്എ പ്രദേശവുമാണ്.

കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും പുതിയ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കസ്തൂരി രംഗൻ കരട് വിഞ്ജാപനത്തിന്‍റെ കാലവധി ഓഗസ്റ്റിൽ തീരാനിരിക്കെയാണ് തിരക്കിട്ട നീക്കം. അവസാന നിമിഷം റിപ്പോർട്ടിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ അന്തിമ വിഞ്ജാപനത്തിന് പകരം കേന്ദ്രസ‍ർക്കാർ ഓഗസ്റ്റിൽ കരട് വിഞ്ജാപനം പുതുക്കാനാണ് സാധ്യത.