വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി ബംഗാളില്‍ നിന്നും 800 മെട്രിക് ടണ്‍ അരി സംസ്ഥാനത്തെത്തിച്ചു. തിങ്കളാഴ്ച മുതല്‍ കിലോക്ക് 25 രൂപ നിരക്കില്‍ അരി വിതരണം ചെയ്യുമെന്ന് സഹകരണമന്ത്രി പറഞ്ഞു. ആന്ധ്രയില്‍ നിന്നും 1000 മെട്രിക് ടണ്‍ ജയാ അരി തിങ്കളാഴ്ചയെത്തുമെന്നും ഭക്ഷ്യമന്ത്രിയും അറിയിച്ചു.
കണ്‍സ്യൂമര്‍ഫെഡ് വഴി ബംഗാളില്‍ നിന്നു സര്‍ക്കാര്‍ സംഭരിച്ച സുവര്‍ണ്ണ അരിയാണ് സംസ്ഥാനത്തെത്തിയത്. 500 പ്രാഥമിക സംഘങ്ങളുടെ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ വഴിയും ത്രിവേണി സ്റ്റോര്‍ വഴിയും തിങ്കളാഴ്ച മുതല്‍ അരി വിതരണം ചെയ്യും.
ഒരു കുടുംബത്തിന് തുടക്കത്തില്‍ അഞ്ച് കിലോ അരി വീതവും പിന്നീട് ആഴ്ചകളില്‍ 10 കിലോയും നല്‍കാനാണ് ധാരണ. അരി വിതരണത്തിനുള്ള സംഘങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആദിവാസി, മത്സ്യമേഖലക്ക് മുന്‍ഗണന നല്‍കും. 1700 മെട്രിക് ടണ്‍ അരി കൂടി മാര്‍ച്ച് 10നകം ബംഗാളില്‍ നിന്നെത്തിക്കുമെന്നാണ് സഹകരണവകുപ്പിന്റെ ഉറപ്പ്. ആന്ധ്രയില്‍ നിന്നും 1000 മെട്രിക് ടണ്‍ ജയാ അരിയും തിങ്കളാഴ്ച എത്തും. ബംഗാള്‍ - ആന്ധ്രാ വിതരണം തുടങ്ങുന്നതോടെ വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. വില നിയന്ത്രണവിധേയമാകും വരെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അരി സംഭരിക്കാനാണ് തീരുമാനം.
