കക്കാട് പാടശേഖരത്തില്‍ കോടതി ഉത്തരവ് ലംഘിച്ച് നിര്‍മ്മാണപ്രവര്‍‌ത്തനം നടത്തുന്നതായി പരാതി. കാതിക്കുടം എന്‍ജിഐഎല്‍ കമ്പനിയുടെ മാലിന്യപൈപ്പ് പുഴയിലേക്ക് കൊണ്ടുപോകുന്ന കക്കാട് പാടശേഖരത്തിലെ കമ്പനിയുടെ തന്നെ സ്ഥലത്ത് ഉത്തരവ് ലംഘിച്ചതായാണ് കാതിക്കുടെ എന്‍ജിഐഎല്‍ ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്.

മാലിന്യപൈപ്പ് പൊട്ടിയതടക്കുന്നതിനായി പാടശേഖരത്തിന്റെ ഒത്തനടുവില്‍ നൂറില്‍പ്പരം ചാക്ക് സിമന്റിന്റെ കോണ്‍ക്രീറ്റ് നിറച്ചിരിക്കുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു. ഈ സ്ഥലത്ത് ഒമ്പത് വര്‍ഷം മുമ്പ് കമ്പനി ഫീസറും, കോണ്‍ക്രീറ്റ് ബോക്സ് നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയും നിര്‍മ്മാണപ്രവര്‍ത്തനം തടഞ്ഞുകൊണ്ട് ഉത്തരവിട്ടതാണ്. ഇതെല്ലാം മറച്ചുവച്ച് അതേസ്ഥലത്ത്, പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് കൊരട്ടി പൊലീസ് സബ് ഇന്‍സ്പെക്ടറുടെ സംരക്ഷണത്തിലാണ് കമ്പനി മാനേജര്‍മാര്‍ നേരിട്ടെത്തി കമ്പനി തൊഴിലാളികളെക്കൊണ്ട് കോണ്‍ക്രീറ്റ് ചെയ്യിപ്പിച്ചതെന്നുമാണ് ആരോപണം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്കൃഷി ഓഫീസര്‍ ഇന്ദു പി മേനോനും വില്ലേജ് ഓഫീസര്‍‌ ജോബിയും സ്ഥലത്തെത്തി. സ്ഥലം പരിശോധിച്ച് മേല്‍‌നടപടി സ്വീകരിക്കുമെന്ന് ഇവര്‍ പരാതിക്കാരെ അറിയിച്ചു. പഴയ ഒരു പൊലീസ് പ്രൊട്ടക്ഷന്റെ പേരിലാണ് കമ്പനി പൊലീസിനെ ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും പാടശേഖരത്തിനു നടുവില്‍, നിര്‍മ്മാണപ്രവര്‍ത്തന നിരോധന ഉത്തരവ് നിലവിലുള്ള സ്ഥലത്ത് കോണ്‍ക്രീറ്റ് നിര്‍മ്മാണം നടത്താന്‍ നേതൃത്വം നല്‍‌കിയ കമ്പനി അധികാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്ഥലത്തെ കോണ്‍ക്രീറ്റ് നീക്കം ചെയ്യണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു.