എംഎൽഎമാരുടെയും മന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടേയും ഉന്നതതല യോഗം
ജമ്മുകാശ്മീര്‍: കത്വയിലെ എട്ടു വയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായ വിഷയം ചർച്ച ചെയ്യാൻ ഭരണത്തിന് നേതൃത്വം നല്‍കുന്ന പിഡിപിയുടെ പ്രത്യേക ഉന്നതതല യോഗം ഇന്ന് ചേരും. ഇന്നലെ ആരോപണ വിധേയരായവരെ പിന്തുണച്ച് രംഗത്ത് വന്ന രണ്ട് ബിജെപി മന്ത്രിമാർ യോഗത്തിന് മുന്നോടിയായി രാജിവച്ചിരുന്നു. ഉന്നാവോയിലെ പെണ്‍കുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ഉടൻ നടപടിയെന്ന് സിബിഐ വ്യക്തമാക്കി.
എട്ടുവയസ്സുകരിയെ പൊലീസുദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ബലാല്‍സംഗത്തിന് ശേഷം കൊലപ്പെടുത്തിയത് രാജ്യത്ത് വന്‍ പ്രതിഷേധത്തിന് വഴി തെളിച്ചിരിക്കുകയാണ്. ഇതിനിടയിൽ പ്രതികളെ അനുകൂലിച്ചുകൊണ്ട് സഖ്യ കക്ഷിയായ ബിജെപിയിലെ രണ്ട് മന്ത്രിമാർ തന്നെ പരസ്യമായി രംഗത്ത് വന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണ് പിഡിപി എംഎൽഎമാരുടെയും മന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടേയും ഉന്നതതല യോഗം മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിളിച്ചു കൂട്ടിയത്.
യോഗത്തിൽ തങ്ങളുടെ രാജി ആവശ്യപ്പെടുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് ഇന്നലെ രാത്രി വൈകി മന്ത്രിമാരായ ലാൽ സിംഗും ചന്ദർ പ്രാകശ് രംഗയും രാജിക്കത്ത് നൽകിയിരുന്നു. ബജെപിയിൽ നിന്നു തന്നെയുള്ള സമ്മർദ്ദവും രാജിക്ക് പിന്നിലുണ്ടെന്നാണ് സൂചന. എന്നാൽ രാജിയെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ രണ്ട് മന്ത്രിമാരും വിസമ്മതിച്ചു. അന്വേഷണം നടക്കുന്നതിനാൽ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു മന്ത്രിമാരിലൊരാളായ ലാൽ സിംഗിന്‍റെ പ്രതികരണം.
ഉന്നാവോയിൽ പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത ബിജെപി എംഎൽഎ കുൽദീപ് സെഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും ഇദേഹത്തെ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായി സിബിഐ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും. പെണ്‍കുട്ടിയുടെ അച്ഛന്‍ മർദ്ദനമേറ്റ് പൊലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ കുൽദീപിന്‍റെ സഹോദരനും കൂട്ടാളികൾക്കുമെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് സിബിഐ സംഘം അറിയിച്ചു.
